സി.ബി.സി.ഐ 35ാം സമ്മേളനം സമാപിച്ചു
text_fieldsബംഗളൂരു: നിരാശ ബാധിച്ചവരെ വെളിച്ചത്തിലേക്കും പ്രതീക്ഷയിലേക്കും നയിക്കുക എന്നതാണ് മെത്രാന്മാരുടെയും പുരോഹിതരുടെയും ചുമതലയെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) പ്രസിഡന്‍റ് ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. എല്ലാ വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനൊപ്പം പരിഹാരമാര്‍ഗങ്ങളും കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽ സി.ബി.സി.ഐ 35ാം സമ്മേളനത്തിന്‍റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുര്‍ബാനയില്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നതിന്‍റെയും അള്‍ത്താരയിലേക്ക് അഭിമുഖീകരിക്കുന്നതിന്‍റെയും ദൈവശാസ്ത്രപരവും ആരാധനപരവുമായ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
സ്ഥാനമൊഴിയുന്ന സി.ബി.സി.ഐ പ്രസിഡന്‍റ് കര്‍ദിനാള്‍ ഡോ. ഓഷ്വാള്‍ഡ് ഗ്രേഷ്യസ്, വൈസ് പ്രസിഡന്‍റ് ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് എന്നിവര്‍ സംസാരിച്ചു. കോറമംഗല സെന്‍റ് ജോണ്‍സ് നാഷനല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ആറു ദിവസങ്ങളിലായാണ് സമ്മേളനം നടന്നത്.
ഇന്ത്യയിലെ മൂന്ന് റീത്തുകളിലുംപെട്ട ബിഷപ്പുമാരുടെ കൂട്ടായ്മയാണ് സി.ബി.സി.ഐ. മലങ്കരസഭകളിലായി 174 രൂപതകളില്‍ നിന്നുള്ള 200ഓളം ബിഷപ്പുമാരും 64 മുന്‍ ബിഷപ്പുമാരും സമ്മേളനത്തിൽ പങ്കെടുത്തു.
പ്ലീനറി സമ്മേളനം
കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സി.സി.ബി.ഐ) 33ാം പ്ലീനറി സമ്മേളനം ബംഗളൂരുവില്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ലിയോപോള്‍ഡോ ഗിരെല്ലി ഉദ്ഘാടനംചെയ്തു. സി.സി.ബി.ഐ പ്രസിഡന്റും ഗോവ-ദാമന്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ഫിലിപ്പെ നെറി ഫെറാവോ അധ്യക്ഷതവഹിച്ചു. മദ്രാസ് - മൈലാപ്പൂര് ആര്‍ച്ച് ബിഷപ് റവ. ജോര്‍ജ് ആന്റണിസാമി, ഡല്‍ഹി ആര്‍ച്ച് ബിഷപ് റവ. അനില്‍ കൗട്ടോ, ഹൈദരാബാദ് ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ അന്തോണി പൂല, സി.സി.ബി.ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഡോ. സ്റ്റീഫന്‍ ആലത്തറ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.