മൂന്ന് സഹകരണ ബാങ്കുകളിലെ അഴിമതി സി.ബി.ഐ അന്വേഷിക്കും -സിദ്ധരാമയ്യ
text_fieldsബംഗളൂരു: കർണാടകയിലെ മൂന്ന് സഹകരണ ബാങ്കുകളിലെ കോടികളുടെ ക്രമക്കേട് സംബന്ധിച്ച അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഗുരു രാഘവേന്ദ്ര കോഓപറേറ്റിവ് ബാങ്ക്, ശ്രീ വസിഷ്ട ക്രെഡിറ്റ് സൗഹാർദ കോഓപറേറ്റിവ് ലിമിറ്റഡ്, ശ്രീഗുരു സർവബഹുമ സൗഹാർദ ക്രെഡിറ്റ് കോഓപറേറ്റിവ് എന്നിവയുമായി ബന്ധപ്പെട്ട അഴിമതി കേസുകളാണ് സിബി.ഐക്ക് കൈമാറുക.
ആയിരക്കണക്കിന് നിക്ഷേപകർ അവരുടെ ജീവിതസമ്പാദ്യം മുഴുവൻ ഈ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ബാങ്കുകാരുടെ തട്ടിപ്പിൽ ഭാവിയെക്കുറിച്ച് ഉത്കണ്ഠരായാണ് അവർ കഴിയുന്നതെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
മക്കളുടെ വിവാഹത്തിനും വീട് നിർമാണത്തിനും മറ്റുമായി പലരും കൂട്ടിവെച്ച സമ്പാദ്യമാണ് നഷ്ടപ്പെട്ടത്. താൻ പ്രതിപക്ഷ നേതാവായിരിക്കെ, നിയമസഭയിൽ ഇതുസംബന്ധിച്ച വിഷയം ഉന്നയിക്കുകയും ഇരകളുടെ സമരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
ഈ കേസുകൾ സി.ബി.ഐക്ക് കൈമാറണമെന്നായിരുന്നു അന്ന് ഞങ്ങളുടെ ആവശ്യം. പണം നഷ്ടപ്പെട്ടവരുടെ വേദനയും ആശങ്കയും മനസ്സിലാക്കുന്നു. അവർക്ക് നീതി ലഭ്യമാക്കുന്നതിനായി കേസ് സി.ബി.ഐക്ക് കൈമാറുകയാണ്- സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.