ചന്ദ്രനെ തൊടാനാഞ്ഞ് ചന്ദ്രയാൻ -മൂന്ന്
text_fieldsബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പേടകമായ ചന്ദ്രയാൻ- മൂന്ന് ലക്ഷ്യത്തിലേക്ക് കൂടുതൽ അടുത്തു. ചന്ദ്രന്റെ ഭ്രമണപഥത്തിൽ വലയംചെയ്യുന്ന പേടകത്തിന്റെ സഞ്ചാരപഥം തിങ്കളാഴ്ച രാവിലെ 11.50ന് വിജയകരമായി വീണ്ടും താഴ്ത്തി. ചന്ദ്രനിൽനിന്ന് കുറഞ്ഞത് 150 കിലോമീറ്ററും കൂടിയത് 177 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ- മൂന്ന് സഞ്ചരിക്കുന്നതെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. അവസാനഘട്ട ഭ്രമണപഥം താഴ്ത്തൽ ബുധനാഴ്ച ഇന്ത്യൻസമയം രാവിലെ 8.30ന് നടക്കും.
ചന്ദ്രയാൻ -മൂന്നിനെ ചന്ദ്രനിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് താഴ്ത്തുകയാണ് ലക്ഷ്യം. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മൃദുവിറക്കം നടത്താൻ പേടകം ഒരുങ്ങും. പ്രൊപ്പൽഷനിൽനിന്ന് റോവർ ഉൾക്കൊള്ളുന്ന ലാൻഡർ മൊഡ്യൂൾ വേർപെടുത്തിയശേഷം ആഗസ്റ്റ് 23ന് ലാൻഡർ ചന്ദ്രനെ തൊടുമെന്നാണ് ഐ.എസ്.ആർ.ഒയുടെ കണക്കുകൂട്ടൽ. ചന്ദ്രയാൻ- രണ്ട് ദൗത്യത്തിന്റെ തുടർച്ചയായി കഴിഞ്ഞ ജൂലൈ 14നാണ് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ജവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ചന്ദ്രയാൻ- മൂന്ന് വിക്ഷേപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.