നാലാം ഭ്രമണപഥമുയർത്തി ചന്ദ്രയാൻ- മൂന്ന്
text_fieldsബംഗളൂരു: ചന്ദ്രനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ചന്ദ്രയാൻ -മൂന്ന് ബഹിരാകാശ പേടകത്തിന്റെ ഭ്രമണപഥം നാലാമതും ഉയർത്തി. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒയുടെ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിൽനിന്ന് (ഇസ്ട്രാക്) വ്യാഴാഴ്ചയാണ് പേടകത്തിലെ ത്രസ്റ്ററുകളെ നിയന്ത്രിച്ച് വീണ്ടും ഭ്രമണപഥമുയർത്തിയത്. ചന്ദ്രനിലേക്കുള്ള യാത്രയിൽ ഭൂമിയുടെ ഭ്രമണപഥത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ചന്ദ്രയാൻ - മൂന്നിന്റെ അഞ്ചാം ഭ്രമണപഥമുയർത്തൽ ജൂലൈ 25ന് ഉച്ചക്ക് രണ്ടിനും വൈകീട്ട് മൂന്നിനുമിടയിൽ നടക്കും.
പിന്നീട് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് നീങ്ങിത്തുടങ്ങും. ചന്ദ്രയാന്റെ ഗമനത്തോടെയാണ് അന്താരാഷ്ട്ര ചാന്ദ്രദിനം രാജ്യം ആഘോഷിക്കുന്നതെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ശാസ്ത്രം കണ്ടെത്താനാഗ്രഹിക്കുന്ന നിർണായകമായ ചില വിവരങ്ങൾ ഈ ദൗത്യത്തിൽ പുറത്തുവരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ജൂലൈ 14നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ചന്ദ്രയാൻ- മൂന്ന് വിക്ഷേപിച്ചത്. പേടകം ആഗസ്റ്റ് 23ന് ചന്ദ്രനിലിറങ്ങുമെന്നാണ് കണക്കുകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.