ചാന്ദ്രയാൻ-മൂന്ന്: അടുത്ത ജൂണിൽ മനുഷ്യനെ വഹിക്കുന്ന ഗഗൻയാൻ ദൗത്യം 2024 ൽ
text_fieldsബംഗളൂരു: ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചാന്ദ്രയാന്റെ മൂന്നാം ദൗത്യം അടുത്ത വർഷം ജൂണിൽ. ചാന്ദ്ര പര്യവേക്ഷണത്തിന് കൂടുതൽ മെച്ചപ്പെട്ട റോവറുമായാണ് 'ചാന്ദ്രയാൻ-മൂന്ന്' ബഹിരാകാശത്തേക്ക് കുതിക്കുകയെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.
ഈ വർഷം ആഗസ്റ്റിൽ നടത്താനിരുന്ന വിക്ഷേപണം കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗൺ അടക്കമുള്ള കാരണങ്ങളാൽ വൈകുകയായിരുന്നു. ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ മാർക്ക്-മൂന്നിന്റെ (ജി.എസ്.എൽ.വി മാർക്ക്-മൂന്ന്) ചിറകിലേറിയാണ് ചാന്ദ്രയാന്റെ മൂന്നാം ദൗത്യം.
ചാന്ദ്രയാൻ-രണ്ടിൽ ഉപയോഗിച്ച ഓർബിറ്റർ ഇപ്പോഴും പ്രവർത്തനക്ഷമമാണെന്നതിനാൽ ചാന്ദ്രയാൻ മൂന്നാം ദൗത്യത്തിലും ഇതിന്റെ സേവനം ഉപയോഗപ്പെടുത്തും. 2019 സെപ്റ്റംബറിൽ രണ്ടാം ദൗത്യത്തിലെ വിക്രം ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങിയതുമൂലം ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ചുള്ള റോവറിന്റെ പര്യവേക്ഷണം സാധ്യമായിരുന്നില്ല.
ഇതിപ്പോഴും അവിടെയുണ്ടെന്നും എന്നാൽ, മൂന്നാം ദൗത്യത്തിനുള്ള റോവർ ഇതിന്റെ പകർപ്പല്ലെന്നും അതിന്റെ സാങ്കേതിക വിദ്യയിൽ മാറ്റമുണ്ടെന്നും ചെയർമാൻ പറഞ്ഞു. കഴിഞ്ഞതവണത്തെ പോലെയുള്ള പ്രശ്നങ്ങളുണ്ടാവാതിരിക്കാൻ മികവുറ്റ രീതിയിലാണ് പുതിയ റോവർ ഒരുക്കിയിരിക്കുന്നത്. ചന്ദ്രനിൽ തൊടുന്ന റോവിന്റെ കാലുകൾ ശക്തിയേറിയതാണ്. മെച്ചപ്പെട്ട ഉപകരണങ്ങളാണ് ഘടിപ്പിച്ചിട്ടുള്ളത്.
ഏതെങ്കിലും കാരണവശാൽ പ്രശ്നങ്ങളുണ്ടായാൽ അതിനെ മറികടക്കാനാവുന്ന സംവിധാനങ്ങളുണ്ട്. സഞ്ചരിക്കുന്ന പ്രതലത്തിലെ ഉയരം കണക്കാക്കാനും സുരക്ഷിതമായ സ്ഥലത്ത് ഇറങ്ങാനും പല രീതികളും ഈ റോവറിലുണ്ടാവും. മെച്ചപ്പെട്ട സോഫ്റ്റ് വെയറും ഇതിൽ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശത്തേക്ക് മനുഷ്യനെ വഹിക്കുന്ന ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ ദൗത്യം 2024ൽ നടക്കുമെന്നും ചെയർമാൻ അറിയിച്ചു.
ഇതിനു മുമ്പ് വിവിധ പരീക്ഷണ ഘട്ടങ്ങളായ അബോർട്ട് മിഷനും ആളില്ലാ പരീക്ഷണ വിക്ഷേപണവും നടക്കും. രണ്ട് അബോർട്ട് മിഷനു ശേഷമാണ് ആളില്ലാതെയുള്ള പരീക്ഷണ വിക്ഷേപണം നടത്തുക. ആദ്യ അബോർട്ട് മിഷനിൽ ബഹിരാകാശ വാഹനത്തിന്റെ വേഗവും രണ്ടാം മിഷനിൽ ബഹിരാകാശ യാത്രികർക്ക് അപകടം പിണഞ്ഞാൽ രക്ഷപ്പെടുത്താനുള്ള ശേഷിയും പരീക്ഷിക്കും. ആറു പരീക്ഷണ പറക്കലിനുശേഷമാണ് ബഹിരാകാശ യാത്രികരെയും വഹിച്ച് ഗഗൻയാൻ ചരിത്ര വിക്ഷേപണം നടത്തുക. ഗഗൻയാൻ അബോർട്ട് മിഷൻ അടുത്ത വർഷം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.