കാലാവസ്ഥ മാറ്റം; നഗരത്തിൽ കൊതുകുകൾ പെരുകി
text_fieldsബംഗളൂരു: നഗരത്തിൽ കൊതുകുശല്യം കൂടി. വൈകുന്നേരമായാൽ മിക്കയിടത്തും കൊതുകുകൾ പുളക്കുകയാണ്. കാലാവസ്ഥ മാറ്റം മൂലമാണ് ഒരാഴ്ചയിലധികമായി കൊതുകുകൾ കൂടിയതെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് അധികൃതർ പറയുന്നു.
മഴക്കാലത്ത് കൊതുകുശല്യം കൂടുന്നത് സാധാരണമാണ്. എന്നാൽ ഇത്തവണ ഒരാഴ്ചയായി കൊതുകുകൾ പെരുകിയിട്ടുണ്ട്. ഇത് മലേറിയ, ഡെങ്കി, ചികുൻഗുനിയ രോഗങ്ങൾക്കിടയാക്കുമോ എന്ന് ആശങ്കയുണ്ട്. കഴിഞ്ഞ വർഷം പല സമയങ്ങളിലായി നഗരത്തിൽ മഴ കിട്ടിയിട്ടുണ്ട്.
ഒപ്പം ചൂടും കൂടി. തടാകങ്ങൾ, വെള്ളക്കെട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കൊതുകുകൾ പെറ്റുപെരുകാനും ഇത് ഇടയാക്കിയെന്ന് അധികൃതർ പറയുന്നു. കൊതുകുകളുടെ വർധന തടയാൻ വെള്ളക്കെട്ടുകൾ മൂടുക, ഓവുചാലുകൾക്ക് മുകളിൽ സ്ലാബിടുക തുടങ്ങിയ പ്രവൃത്തികൾ നടത്തുന്നുണ്ടെന്ന് ബി.ബി.എം.പി ചീഫ് ഹെൽത്ത് ഓഫിസർ ഡോ. ബാലസുന്ദർ പറഞ്ഞു.
വീടുകളുടെയും അപ്പാർട്ട്മെന്റുകുടെയും ബേസ്മെന്റ് ഏരിയ, ഗാരേജ് ഭാഗങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കൊതുകുകൾ പതിൻമടങ്ങായി വർധിച്ചിട്ടുണ്ടെന്ന് താമസക്കാരും പറയുന്നു.
സാധാരണഗതിയിൽ ബംഗളൂരുവിൽ നവംബർ ആദ്യം വരെയാണ് മഴ പെയ്യുക. തുടർന്ന് മൂന്നുമാസക്കാലം തണുപ്പാകും. എന്നാൽ, കുറച്ച് വർഷങ്ങളായി ഡിസംബർ വരെ മഴയാണ്. ഇതോടെ തടാകങ്ങളും ജലാശയങ്ങളും കവിഞ്ഞൊഴുകി. ഇത് കൊതുകുകൾക്ക് പെറ്റുപെരുകാൻ തക്ക സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.