ചന്നപട്ടണയിൽ വീണ്ടും ബി.ജെ.പിക്ക് തിരിച്ചടി; ആറ് മുനിസിപ്പൽ കൗൺസിലർമാർ കോൺഗ്രസിൽ
text_fieldsബംഗളൂരു: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചന്നപട്ടണയിൽ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടിയേകി പാർട്ടി നേതാക്കളുടെ കൂറുമാറ്റം.
മുൻ മന്ത്രിയും എം.എൽ.സിയുമായിരുന്ന സി.പി. യോഗേശ്വർ ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തി സ്ഥാനാർഥിയായതിന് പിന്നാലെയാണ് പുതിയ ഓപറേഷൻ. ചന്നപട്ടണ മുനിസിപ്പൽ കൗൺസിലിലെ ഏഴ് ബി.ജെ.പി അംഗങ്ങളിൽ ആറുപേരും കോൺഗ്രസിൽ ചേർന്നു.
ബി.ജെ.പി അംഗങ്ങളായ ചന്ദ്രു, മംഗളമ്മ, മനോഹർ, കമല, ജയമാല, കസ്തൂരി എന്നിവരാണ് പാർട്ടി വിട്ടത്. ചന്നപട്ടണ കോൺഗ്രസ് ഓഫിസിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിന്റെ സഹോദരൻ മുൻ എം.പി ഡി.കെ. സുരേഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആറുപേരെയും പാർട്ടി ഷാൾ അണിയിച്ച് സ്വീകരിച്ചു.
ചന്നപട്ടണ മുനിസിപ്പാലിറ്റിയിൽ ആകെയുള്ള 31 അംഗങ്ങളിൽ 16 പേർ ജെ.ഡി-എസ് അംഗങ്ങളായിരുന്നു. രണ്ടുമാസം മുമ്പ് ഇതിൽ 13 ജെ.ഡി-എസ് അംഗങ്ങളും കോൺഗ്രസിൽ ചേർന്നിരുന്നു. ചന്നപട്ടണയിൽ സി.പി. യോഗേശ്വറിന് സീറ്റ് നിഷേധിച്ച് ജെ.ഡി-എസിന് നൽകിയതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ മുതിർന്ന അംഗവും മുൻ എം.എൽ.എയുമായ എൽ.ആർ. ശിവരാമെഗൗഡ കഴിഞ്ഞ ദിവസം പാർട്ടി വിട്ടിരുന്നു.
ശിവരാമെഗൗഡയും വൈകാതെ കോൺഗ്രസിൽ ചേരുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ജെ.ഡി-എസുമായുള്ള കൂട്ടുകെട്ട് പഴയ മൈസൂരു മേഖലയിൽ ബി.ജെ.പിക്ക് ക്ഷീണമുണ്ടാക്കിയെന്ന് ശിവരാമെ ഗൗഡ കുറ്റപ്പെടുത്തിയിരുന്നു.
മാണ്ഡ്യ ലോക്സഭ സീറ്റ് ജെ.ഡി-എസിന് വിട്ടുകൊടുത്തതിലും പ്രാദേശിക നേതാക്കളിൽ അമർഷമുയർന്നിരുന്നു. ജെ.ഡി-എസുമായുള്ള കൂട്ടുകെട്ടുകൊണ്ട് ബി.ജെ.പിക്ക് ഗുണമില്ലെന്നും ജെ.ഡി-എസ് നേതാക്കൾ ബി.ജെ.പിയെ വകവെക്കുന്നില്ലെന്നും ശിവരാമെ ഗൗഡ ആരോപിച്ചു. ‘‘ചന്നപട്ടണയിലെ ജനങ്ങൾ വിഡ്ഢികളല്ല. ഉപതെരഞ്ഞെടുപ്പിൽ സി.പി. യോഗേശ്വർ വിജയിക്കും. ജെ.ഡി-എസിന്റെ വെറും ബലിയാടാണ് നിഖിൽ കുമാരസ്വാമി’’ -ശിവരാമെ ഗൗഡ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.