ചന്നപട്ടണയിൽ അണികൾക്കു മുന്നിൽ വികാരാധീനനായി നിഖിൽ കുമാരസ്വാമി
text_fieldsബംഗളൂരു: ചന്നപട്ടണ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അണികൾക്ക് മുന്നിൽ വികാരാധീനനായി ജെ.ഡി-എസ് സ്ഥാനാർഥി നിഖിൽ കുമാരസ്വാമി. മുൻ പ്രധാനമന്ത്രിയുടെ പേരക്കുട്ടിയും മുൻ മുഖ്യമന്ത്രിയുടെ മകനുമായിട്ടും രണ്ടു തെരഞ്ഞെടുപ്പ് തോൽക്കാൻ മാത്രം എന്തു നിർഭാഗ്യമാണ് തനിക്കുള്ളതെന്ന് അറിയില്ലെന്ന് പറഞ്ഞായിരുന്നു നിഖിൽ പ്രചാരണ റാലിയിൽ വിതുമ്പിയത്. രാമനഗര കണ്ണമംഗലയിൽ വ്യാഴാഴ്ച നടന്ന ജെ.ഡി-എസ് റാലിയിലാണ് സംഭവം.
‘‘രണ്ടു തെരഞ്ഞെടുപ്പിലും എനിക്കെതിരെ കോൺഗ്രസിന്റെ ഗൂഢാലോചനയുണ്ടായി. ഞാൻ ആ ഗൂഢാലോചനയുടെ ഇരയായി. ഞാൻ വലിയ വേദനയിലാണ്. ഇപ്പോൾ ഞാനീ തെരഞ്ഞെടുപ്പിൽ വീണ്ടും സ്ഥാനാർഥിയാവുന്നത് പാർട്ടി പ്രവർത്തകരുടെ ആഗ്രഹത്തിനു വഴങ്ങിയാണ്. ഇത്തവണ എന്നെ നിങ്ങൾ വിജയിപ്പിക്കണം’’ -നിഖിൽ കുമാരസ്വാമി കണ്ഠമിടറി അണികളോട് പറഞ്ഞു.
പാർട്ടിയെ ശക്തിപ്പെടുത്താൻ ഞാൻ സംസ്ഥാനത്ത് പര്യടനത്തിലായിരുന്നു. പാർട്ടിയിലെ അവസാനത്തെ അണിയോടും ബന്ധപ്പെട്ടു നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ പിതാവ് മത്സരിച്ച മണ്ഡലമായ ചന്നപട്ടണയിലെ ഉപതെരഞ്ഞെടുപ്പിന് സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുണ്ട്.
ദേവഗൗഡാജിയുടെയും കുമാരണ്ണയുടെയും കാലത്ത് ചന്നപട്ടണയിൽ ഒരുപാട് വികസനങ്ങളുണ്ടായി. നിങ്ങളുടെ സഹകരണവും വിശ്വാസവും എന്നിലുണ്ടാവണം- നിഖിൽ കുമാരസ്വാമി അണികളോട് അഭ്യർഥിച്ചു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി-എസിന്റെ എച്ച്.ഡി. കുമാരസ്വാമിയായിരുന്നു ചന്നപട്ടണയിൽ വിജയിച്ചത്. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിൽ കുമാരസ്വാമി മാണ്ഡ്യയിൽനിന്ന് വിജയിച്ചതോടെ ചന്നപട്ടണ എം.എൽ.എ പദവി രാജിവെച്ചു. ഇതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ മുൻ മന്ത്രി സി.പി. യോഗേശ്വറാണ് നിഖിലിന്റെ എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.