ഇന്ദിര ഗാന്ധിക്ക് പുതുജീവൻ നൽകിയ മണ്ണ്
text_fieldsമംഗളൂരു: ഇന്ത്യയുടെ, വിശിഷ്യാ കോൺഗ്രസ് ചരിത്രത്തിൽ ഇടം നേടിയ മണ്ണാണ് കർണാടകയിലെ ചിക്കമഗളൂരു. അടിയന്തരാവസ്ഥയെത്തുടർന്ന് 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ രാജ്യം പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അധികാരത്തിൽനിന്ന് തൂത്തെറിഞ്ഞിരുന്നു. റായ്ബറേലിയിലെ വോട്ടർമാർ അവരെ പരാജയത്തിന്റെ പടുകുഴിയിൽ തള്ളുകയും ചെയ്തു. ആ അവസ്ഥയിൽനിന്ന് ഇന്ദിര ഗാന്ധിക്ക് പുതുജീവൻ നൽകിയ ലോക്സഭ മണ്ഡലം.
ഉഡുപ്പി-ചിക്കമഗളൂരു എന്ന് ഘടന മാറിയ ഈ മണ്ഡലത്തിൽ കോൺഗ്രസിലെ കെ. ജയപ്രകാശ് ഹെഗ്ഡെയും കർണാടക നിയമസഭ ഉപരി സഭയായ ലെജിസ്ലേറ്റിവ് കൗൺസിൽ പ്രതിപക്ഷ നേതാവ് ബി.ജെ.പിയുടെ കോട്ട ശ്രീനിവാസ പൂജാരിയും തമ്മിലാണ് മത്സരം. കിടപ്പാടമില്ലാത്ത കാലത്തെ പരിമിതികളിൽ പഠനം അപ്പർ പ്രൈമറിയിൽ അവസാനിപ്പിച്ച പൊതുപ്രവർത്തകനാണ് 64 കാരനായ പൂജാരി. മുൻമന്ത്രിയും മുൻ എം.പിയുമായ 71കാരനായ ജെ.പി ഹെഗ്ഡെ എതിർ പാർട്ടിയുടെ രാപ്പനിയറിഞ്ഞ രാഷ്ട്രീയ തന്ത്രശാലിയായ അഭിഭാഷകൻ.
ഇന്ത്യയാകെ ആഞ്ഞുവീശിയ തരംഗ ഭാഗമാവാതെ കോൺഗ്രസിന് ഒപ്പംനിന്ന സംസ്ഥാനമായിരുന്നു കർണാടക. ആ ആത്മധൈര്യത്തിലായിരുന്നു 1978 നവംബറിൽ കോൺഗ്രസ് (ഐ) എന്ന തന്റെ പുതിയ പാർട്ടി സ്ഥാനാർഥിയായി ഇന്ദിര ഗാന്ധി ചിക്കമഗളൂരുവിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചത്. റായ്ബറേലി മണ്ഡലത്തിൽ ജയപ്രകാശ് നാരായണനോട് പരാജയപ്പെട്ടായിരുന്നു ആ വരവ്.
കോൺഗ്രസ് (ഐ) എന്ന പുതിയ പാർട്ടി രൂപവത്കരിച്ച് ദിവസങ്ങൾക്കുള്ളിൽ ഫെബ്രുവരിയിൽ നടന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ആ പാർട്ടി 44 ശതമാനത്തിലധികം വോട്ടും 179 സീറ്റും നേടി അധികാരം പിടിച്ചെടുത്തിരുന്നു. ഔദ്യോഗിക കോൺഗ്രസ് രണ്ടുസീറ്റിൽ ഒതുങ്ങുകയും ചെയ്തു. ‘ഒരു പെൺ സിംഹം, നൂറ് കുരങ്ങന്മാർ; ചിക്കമഗളൂർ, ചിക്കമഗളൂർ’ (ഏക് ഷെർണി, സൗ ലൻഗാർ; ചിക്കമഗളൂർ, ചിക്കമഗളൂർ) എന്ന മുദ്രാവാക്യമായിരുന്നു ഇന്ദിരയുടെ അണികൾ അന്ന് ഇവിടെ മുഴക്കിയത്. വിവിധ സോഷ്യലിസ്റ്റ് വിഭാഗങ്ങളെയും ബ്രഹ്മാനന്ദ റെഡ്ഢി നയിച്ച ഔദ്യോഗിക കോൺഗ്രസ് പാർട്ടിയെയും വാനരന്മാരായി ഇന്ദിരയും അണികളും ചിത്രീകരിച്ചു. ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച കോൺഗ്രസ് നേതാവ് ഡി.ബി. ചന്ദ്ര ഗൗഡ എം.പി സ്ഥാനം രാജിവെച്ച് ഇന്ദിര ഗാന്ധിക്ക്
ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ഒരുക്കുകയായിരുന്നു (ചന്ദ്രഗൗഡ പിന്നീട് ബി.ജെ.പിയിൽ ചേരുകയും ഈ മണ്ഡലത്തിൽനിന്ന് എം.പിയാവുകയും ചെയ്തു. 77,333 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ഗാന്ധി ജനത പാർട്ടിയുടെ വീരേന്ദ്ര പാട്ടീലിനെ പരാജയപ്പെടുത്തിയത്.
വിദ്വേഷം വിതക്കുന്നവർക്ക് കൊയ്യാനുള്ളതല്ല വോട്ടെന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിലെ ചിക്കമഗളൂരു മേഖല വിധിയെഴുതിയിരുന്നു. ശൃംഗേരി, മുദിഗരെ, ചിക്കമഗളൂരു, താരിക്കരെ, കാഡൂർ എന്നീ മണ്ഡലങ്ങളിൽ കോൺഗ്രസ് തിളക്കമാർന്ന വിജയമാണ് കൈവരിച്ചത്. ഉഡുപ്പി മേഖലയിലെ ഉഡുപ്പി, കുന്താപുരം, കൗപ്, ബൈന്തൂർ, കാർക്കള മണ്ഡലങ്ങൾ ബി.ജെ.പി കുത്തകയായി തുടരുന്നു. ഈ അവസ്ഥ മറികടക്കാനാവുമെന്ന പ്രതീക്ഷയാണ് നിയമസഭയിലേക്കും ലോക്സഭയിലേക്കും ജയം കണ്ട അനുഭവമുള്ള ജെ.പി പകരുന്നത്.
ഉഡുപ്പി -ചിക്കമഗളൂരു എന്ന് ഘടന മാറിയ 2009ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഡി.വി. സദാനന്ദ ഗൗഡ 27018 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കെ. ജയപ്രകാശ് ഹെഗ്ഡെയെ പരാജയപ്പെടുത്തി. എന്നാൽ, സദാനന്ദ ഗൗഡ കർണാടക മുഖ്യമന്ത്രിയാവാൻ എം.പി സ്ഥാനം രാജിവെച്ച ഒഴിവിൽ 2012ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വി. സുനിൽ കുമാറിനെ 45724 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ഇപ്പോൾ ജനവിധി തേടുന്ന ജെ.പി. ഹെഗ്ഡെ എംപിയായത്. തുടർന്ന് രണ്ട് തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ ശോഭ കരന്ത്ലാജെ വിജയിച്ചു.
1999ൽ ബ്രഹ്മാവർ നിയമസഭ മണ്ഡലത്തിലാണ് ജെ.പിയും കോട്ട ശ്രീനിവാസ പൂജാരിയും ആദ്യം മാറ്റുരച്ചത്. സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ജയപ്രകാശ് ഹെഗ്ഡെ 4763 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ശ്രീനിവാസ പൂജാരി മൂന്നാം സ്ഥാനത്ത് തള്ളപ്പെടുകയും ചെയ്തു. കോൺഗ്രസിലെ സരള ബി. കാഞ്ചൻ ആയിരുന്നു രണ്ടാം സ്ഥാനത്ത്. 2004ൽ സ്വതന്ത്ര സ്ഥാനാർഥിയായി വീണ്ടും ജനവിധി തേടിയ ഹെഗ്ഡെ 12173 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോഴും പൂജാരി മൂന്നാം സ്ഥാനത്തായിരുന്നു. കോൺഗ്രസ് സ്ഥാനാർഥി മുൻ മന്ത്രി പ്രമോദ് മധ്വരാജായിരുന്നു രണ്ടാമൻ.
1994ൽ ജനതാദൾ പ്രതിനിധിയായി നിയമസഭയിലേക്ക് കന്നിവിജയം നേടിയ ഹെഗ്ഡെ തുറമുഖം-ഫിഷറീസ് മന്ത്രിയായിരുന്നു. അവിഭക്ത ദക്ഷിണ കാനറ ജില്ല വിഭജിച്ച് ഉഡുപ്പി, ദക്ഷിണ കന്നട രൂപവത്കരണ ദൗത്യത്തിന് നേതൃത്വം നൽകി.
2015ൽ കോൺഗ്രസ് പുറത്താക്കിയശേഷം ബി.ജെ.പിയിൽ ചേർന്ന ജെ.പിക്ക് സർക്കാർ പിന്നാക്ക വിഭാഗ കമീഷൻ ചെയർമാൻ സ്ഥാനം നൽകിയിരുന്നു. പൊതു തെരഞ്ഞെടുപ്പിൽ കരകയറാത്ത ശ്രീനിവാസ പൂജാരിയെ തദ്ദേശ സ്വയംഭരണ സ്ഥാപന മണ്ഡലത്തിൽ നിന്ന് എം.എൽ.സിയായി തെരഞ്ഞെടുത്താണ് ബി.ജെ.പി കഴിഞ്ഞ മന്ത്രിസഭയിൽ അംഗവും നിലവിൽ ലെജിസ്ലേറ്റിവ് കൗൺസിൽ പ്രതിപക്ഷ നേതാവുമാക്കിയത്.
2019ലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ നേടിയ വോട്ടുകൾ:
ശോഭ കരന്ത്ലാജെ ബി.ജെ.പി -718916, പ്രമോദ് മധ്വരാജ്-ജെ.ഡി.എസ്-കോൺഗ്രസ് സഖ്യം -369317, പി. പരമേശ്വര-ബി.എസ്.പി -15947, പി. അമൃത് ഷേണായ് സ്വതന്ത്രൻ-7981, നോട്ട- 7510, പി. ഗൗതം പ്രഭു എസ്.എച്ച്.എസ്-7431, അബ്ദുറഹ്മാൻ സ്വതന്ത്രൻ-6017, കെ.സി. പ്രകാശ് സ്വതന്ത്രൻ-3543, എം.കെ. ദയാനന്ദ പി.എസ്.എസ് -3539, മഗ്ഗളമക്കി ഗണേശ -സ്വതന്ത്രൻ-3526, സുരേഷ് കുന്തർ യു.പി. ജെ.പി-3488, വിജയ് കുമാർ സി.പി.എം -2216, ശേഖർ ഹാവഞ്ജെ ആർ.പി.ഐ.കെ-1581.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.