പിഞ്ചു കുഞ്ഞിന് നടൻ ദർശന്റെ തടവുവേഷം അണിയിച്ചു; രക്ഷിതാക്കൾക്കെതിരെ കേസ്
text_fieldsബംഗളൂരു: ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന രേണുക സ്വാമി വധക്കേസ് പ്രതി കന്നട സൂപ്പർ സ്റ്റാർ ദർശന്റെ തടവുവേഷം നമ്പർ സഹിതം അനുകരിച്ച് പിഞ്ചു കുഞ്ഞിനെ അണിയിച്ച രക്ഷിതാക്കൾക്കെതിരെ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. തടവുകാർ ഉപയോഗിക്കുന്നതിന് സമാന വെളുത്ത വസ്ത്രം ദർശന്റെ 6106 നമ്പർ കൂടി ഉൾപ്പെടുത്തി തയാറാക്കിയാണ് കുട്ടിയെ അണിയിച്ചത്.
ഫോട്ടോ പ്രചരിപ്പിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ ചിത്രം വയറലായതോടെയാണ് കമീഷൻ ഇടപെട്ടത്. രക്ഷിതാക്കളുടെ ഈ നടപടി ബാലാവകാശ നിയമത്തിന്റെ ലംഘനമാണെന്ന് കമീഷൻ അംഗം ശശിധർ കൊസമ്പെ ബുധനാഴ്ച പറഞ്ഞു. രക്ഷിതാക്കളെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ പൊലീസിന് നിർദേശം നൽകി. ദർശന്റെ ജയിൽപുള്ളി നമ്പർ 6106 താരാരാധകർക്ക് ഏറെ പ്രിയപ്പെട്ടതാവുകയാണ്. ഈ നമ്പറിൽ പച്ചകുത്തിയും വാഹനങ്ങളിൽ സ്റ്റിക്കർ പതിച്ചും ആരാധകർ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.