വർണമേളയായി ചിത്രസന്തെ ഇന്ന്
text_fieldsബംഗളൂരു: കലയുടെ വർണമേളയായി ചിത്രസന്തെ ഞായറാഴ്ച നടക്കും. ഇത്തവണ ‘പെൺകുട്ടി’ എന്നതാണ് പ്രമേയം. പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബോധവത്കരണമാണ് ലക്ഷ്യം. ഈ പ്രമേയത്തെ ആധാരമാക്കി 35ഓളം ശിൽപങ്ങൾ മേളയിൽ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. കുമാരകൃപ റോഡിലും ചിത്രകലാ പരിഷത്തിലുമായി നടക്കുന്ന 22ാമത് മേളയിൽ 1400 സ്റ്റാളുകൾ സജ്ജീകരിച്ചുകഴിഞ്ഞു. രാവിലെ ഒമ്പതിന് മേളക്ക് ആരംഭമാവും. 22 സംസ്ഥാനങ്ങളിൽനിന്നുള്ള കലാകാരന്മാർ പങ്കാളികളാവും. ചിത്രസന്തെ കാണാൻ നാലു ലക്ഷം കലാപ്രേമികളുമെത്തുന്നതോടെ കുമാരകൃപ റോഡും പരിസരവും ജനസാഗരമാവും. ചിത്രസന്തെയുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും.
ചിത്ര സന്തെയിലെ തിരക്ക് കണക്കിലെടുത്ത് മേഖലയിലെ റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിൻഡ്സർ മാനർ ജങ്ഷൻ മുതൽ ശിവാനന്ദ സർക്ൾ വരെയും തിരിച്ചും ഞായറാഴ്ച രാവിലെ ആറു മുതൽ രാത്രി ആറുവരെ ഗതാഗതം പൂർണമായി നിരോധിച്ചതായി ട്രാഫിക് പൊലീസ് അറിയിച്ചു. ചിത്രസന്തെ കാണാനെത്തുന്നവർക്കായി മെട്രോ ഫീഡർ സർവിസുകൾ ഏർപ്പെടുത്തിയതായി ബി.എം.ടി.സി അറിയിച്ചു. കെംപഗൗഡ മെജസ്റ്റിക, അംബേദ്കർ സ്റ്റേഷൻ വിധാൻ സൗധ, മന്ത്രിമാൾ എന്നീ മെട്രോ സ്റ്റേഷനുകളിൽനിന്ന് ശിവാനന്ദ സർക്ൾ വരെയും തിരിച്ചുമാണ് ബി.എം.ടി.സി സർവിസ് നടത്തുക. കാർ പാർക്കിങ്ങിനായി റെയിൽവേ പാരലൽ റോഡ്, ക്രസന്റ് റോഡിൽ ഗുരുരാജ കല്യാണ മണ്ഡപം മുതൽ ഹോട്ടൽ ജനാർദന വരെയുള്ള പടിഞ്ഞാറു ഭാഗം, റേസ് കോഴ്സ് റോഡിൽ ട്രൈലൈറ്റ് ജങ്ഷൻ മുതൽ മൗര്യ സർക്ൾ വരെ കിഴക്കുവശം എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.