ക്രിസ്മസ് അവധിയാത്ര; ബസുകളിൽ ടിക്കറ്റുകൾ തീർന്നു
text_fieldsബംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്കകം ഭൂരിഭാഗം ബസുകളിലും ടിക്കറ്റ് തീർന്നു. ഡിസംബർ 20നുള്ള ബസുകളിലാണ് ടിക്കറ്റ് തീർന്നത്. ക്രിസ്മസിന് മുമ്പുള്ള വെള്ളിയാഴ്ചയായതിനാലാണ് ആ ദിവസം കൂടുതൽ തിരക്ക് അനുഭവപ്പെടുന്നതെന്ന് പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ആർ.ടി.സി ബസുകളിൽ ബുക്കിങ് ആരംഭിച്ചത്. ടിക്കറ്റ് തീർന്ന സ്ഥലങ്ങളിലേക്ക് ഇരു ആർ.ടി.സികളും പ്രത്യേക ബസുകൾ അനുവദിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഡിസംബർ 20നും 21നും കേരള ആർ.ടി.സിയുടെ കണ്ണൂർ ചെറുപുഴയിലേക്കുള്ള രണ്ട് ബസുകളിലും ടിക്കറ്റില്ല.
കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും തൃശൂരിലേക്കുമുള്ള ബസുകളിൽ ഏതാനും സീറ്റുകൾ മാത്രം. എറണാകുളത്തേക്കുള്ള അഞ്ചു ബസുകളിൽ ടിക്കറ്റ് ആദ്യ മണിക്കൂറുകളിൽതന്നെ തീർന്നു. കോട്ടയത്തേക്കുള്ള ബസുകളിലും ഇതാണവസ്ഥ. ഡിസംബർ 20ന് കർണാടക ആർ.ടി.സിയുടെ കോട്ടയത്തേക്കും എറണാകുളത്തേക്കും തൃശൂരിലേക്കുമുള്ള പതിവ് ബസുകളിൽ ടിക്കറ്റില്ല. കോഴിക്കോട്ടേക്കുള്ള ബസിലും ടിക്കറ്റ് തീർന്നു. ബാക്കി ആറു ബസുകളിലായി നൂറോളം ടിക്കറ്റുകൾ ബാക്കിയുണ്ട്.
കണ്ണൂരിലേക്ക് അഞ്ചു ബസുകളിലായി എഴുപതോളം ടിക്കറ്റുകളാണ് ശേഷിക്കുന്നത്. ട്രെയിനുകളിൽ ടിക്കറ്റില്ല. ബംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ടിക്കറ്റ് മാസങ്ങൾക്ക് മുമ്പുതന്നെ തീർന്നിരുന്നു. ഡിസംബർ 20 മുതൽ 25 വരെയുള്ള ട്രെയിനുകളിലൊന്നിലും ടിക്കറ്റില്ല. ബംഗളൂരുവിൽനിന്ന് രാവിലെ എറണാകുളത്തേക്ക് പുറപ്പെടുന്ന ട്രെയിനിൽ പൊതുവേ തിരക്ക് ഉണ്ടാകാത്തതാണ്. എന്നാൽ, ഇത്തവണ ഈ ട്രെയിനിലും ടിക്കറ്റ് തീർന്നു. എറണാകുളം എക്സ്പ്രസ് (12677), കന്യാകുമാരി എക്സ്പ്രസ് (16526), കൊച്ചുവേളി എക്സ്പ്രസ് (16315), യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് (16527), കണ്ണൂർ എക്സ്പ്രസ് (16511) എന്നീ ട്രെയിനുകളെയാണ് ബംഗളൂരു മലയാളികൾ നാട്ടിൽ പോകാൻ പ്രധാനമായും ആശ്രയിക്കുന്നത്. അവധിയോടനുബന്ധിച്ച് സ്വകാര്യ ബസുകളിൽ ബുക്കിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഇരട്ടിയിലധികം നിരക്കാണ് ഈടാക്കുന്നത്. എറണാകുളത്തേക്കുള്ള ചില ബസുകളിൽ 4000 രൂപക്ക് മുകളിലാണ് നിരക്ക്. ഭൂരിഭാഗം ബസുകളിലും ടിക്കറ്റ് തീർന്നിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.