ക്രിസ്മസ് അവധി: ബസ് അനുവദിച്ചത് കെ.സി. വേണുഗോപാലിന്റെ ഇടപെടലിനെത്തുടര്‍ന്ന്
text_fieldsബംഗളൂരു: ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാന്‍ ബംഗളൂരുവില്‍നിന്ന് നാട്ടിലേക്കെത്തുന്ന മലയാളികള്‍ക്ക് ആശ്വാസം. കെ.സി. വേണുഗോപാല്‍ എം.പിയുടെ ഇടപെടലിനെത്തുടര്‍ന്ന് സ്പെഷല്‍ ബസ് സര്‍വിസ് ഒരുക്കി കര്‍ണാടക ആർ.ടി.സി. ക്രിസ്മസ് തിരക്ക് കണക്കിലെടുത്ത് അധിക ബസ് സര്‍വിസ് നടത്തണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി കര്‍ണാടക ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.
ബംഗളൂരു-ആലപ്പുഴ റൂട്ടിലാണ് സ്പെഷല്‍ ബസ് സര്‍വിസ് നടത്തുക. വെള്ളിയാഴ്ച രാത്രി 7.45ന് ബംഗളൂരുവില്‍നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെടും. ശനിയാഴ്ച രാവിലെ 7.15ന് ആലപ്പുഴയിലെത്തും. ഐരാവത് ക്ലബ് ക്ലാസ് സെമി സ്ലീപ്പര്‍ ബസാണ് സര്‍വിസ് നടത്തുക. എറണാകുളം, ചേര്‍ത്തല, ആലപ്പുഴ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഏറെ സഹായകരമാണ് ഈ അധിക ബസ് സര്‍വിസ്.
ട്രെയിനുകളില്‍ ടിക്കറ്റില്ലാത്ത അവസരം മുതലെടുത്ത് സ്വകാര്യ ബസുകള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നത്. ആലപ്പുഴ -ബംഗളൂരു റൂട്ടില്‍ നേരത്തേ നിലവിലുണ്ടായിരുന്ന കര്‍ണാടക ആർ.ടി.സി സര്‍വിസ് പുനരാംരഭിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി കർണാടക ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി ബംഗളൂരുവിലേക്കുള്ള സര്‍വിസാണ് ഇപ്പോഴുള്ളത്.
ഇത് ബംഗളൂരുവിലെത്തുമ്പോള്‍ രാവിലെ 10.30 കഴിയും. ഇതു യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. നേരത്തേയുണ്ടായിരുന്ന ആലപ്പുഴ-ബംഗളൂരു സര്‍വിസ് രാവിലെ ഏഴിന് മുമ്പായി ബംഗളൂരുവിലെത്തിയിരുന്നു. ഈ സര്‍വിസ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. സ്പെഷൽ ബസ് സമയക്രമം: ശാന്തി നഗർ- രാത്രി 7.45, ക്രൈസ്റ്റ് കോളജ്-7:55 , സെന്റ് ജോൺസ് ബി.എം.ടി.സി- 8:05. പാസഞ്ചർ ഹെൽപ് ലൈൻ- 9447166179.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.