സി.ഐ.ടി.യു അഖിലേന്ത്യ സമ്മേളനം 18 മുതൽ
text_fieldsബംഗളൂരു: ജനുവരി 18 മുതൽ 22 വരെ ബംഗളൂരു പാലസ് ഗ്രൗണ്ടിൽ നടക്കുന്ന സി.ഐ.ടി.യു അഖിലേന്ത്യ സമ്മേളനത്തിൽ ഏണസ്റ്റ് ചെഗുവേരയുടെ മകൾ ഡോ. അലയ്ഡ ഗുവേര പങ്കെടുക്കും. 19ന് വൈകീട്ട് നാലിന് പാലസ് ഗ്രൗണ്ടിലെ ഗായത്രി വിഹാറിൽ നടക്കുന്ന സെഷനിലാണ് അലയ്ഡ ഗുവേര പങ്കെടുക്കുക.
തുടർന്ന് വൈകീട്ട് അഞ്ചിന് പാലസ് റോഡിലെ ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് ഓഡിറ്റോറിയത്തിൽ ബംഗളൂരുവിലെ കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരുമടക്കമുള്ള സാമ്രാജ്യത്വ വിരുദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ അലയ്ഡക്ക് സ്വീകരണം നൽകും.
ബംഗളൂരുവിൽ നടക്കുന്ന സി.ഐ.ടി.യുവിന്റെ 17ാം സമ്മേളനത്തിൽ 1500ഓളം പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിൽനിന്ന് മന്ത്രിമാരായ വി. ശിവൻകുട്ടി, വി.എൻ. വാസവൻ എന്നിവരും മുൻ മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ബാലൻ, മേഴ്സിക്കുട്ടിയമ്മ എന്നിവരുമടക്കം 624 പ്രതിനിധികൾ എത്തും.
വിവിധ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളി സംഘടന പ്രതിനിധികളും വേൾഡ് ഫെഡറേഷൻ ഓഫ് ട്രേഡ് യൂനിയൻസ് പ്രതിനിധികളും പങ്കെടുക്കും. 22ന് വൈകീട്ട് ബംഗളൂരു നാഷനൽ കോളജ് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ പതിനായിരക്കണക്കിനുപേർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.