റോഡിന് സിദ്ധരാമയ്യയുടെ പേരിടാൻ സിറ്റി കൗൺസിൽ; വ്യാപക വിമർശനം
text_fieldsബംഗളൂരു: മൈസൂരുവിലെ ലക്ഷ്മി വെങ്കിട്ടരമണസ്വാമി ക്ഷേത്രം മുതൽ മെട്ടഗള്ളി റോയൽ ഇൻ ജങ്ഷൻവരെയുള്ള റോഡിന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേര് നൽകാനുള്ള നീക്കത്തിനെതിരെ വ്യാപക വിമർശനം.
മൈസൂരു സിറ്റി കോർപറേഷൻ കൗൺസിലാണ് റോഡിന് സിദ്ധരാമയ്യ ആരോഗ്യ മാർഗ എന്ന പേരിടാനുള്ള നിർദേശം മുന്നോട്ടുവെച്ചത്. നടപടി സംസ്ഥാനത്തെ ജനങ്ങളോടുള്ള വഞ്ചനയും അധിക്ഷേപവുമാണെന്ന് ജെ.ഡി.എസ് ആരോപിച്ചു. മുഡ (മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി) കുംഭകോണ കേസിൽ മുഖ്യമന്ത്രി അന്വേഷണം നേരിടുന്നതിനിടെ റോഡിന് അദ്ദേഹത്തിന്റെ പേരിടാനുള്ള നീക്കമാണ് വ്യാപകമായ വിമർശനത്തിന് വഴിവെച്ചത്.
നവംബർ അവസാനം നടന്ന കോർപറേഷൻ കൗൺസിലിലാണ് റോഡിന്റെ പേര് മാറ്റാനുള്ള തീരുമാനമെടുത്തത്. പ്രോട്ടോകോളിന്റെ ഭാഗമായി പൊതുജനങ്ങളിൽനിന്നും അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനായി കോർപറേഷൻ നോട്ടീസിറക്കിയതോടെയാണ് വിമർശനം ശക്തമായത്. പ്രശസ്തമായ വൃന്ദാവൻ ഗാർഡൻ, കെ.ആർ.എസ് ഡാം തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള കെ.ആർ.എസ് റോഡ് (കൃഷ്ണരാജ സാഗര റോഡ്) എന്നറിയപ്പെടുന്ന റോഡിന്റെ പേരാണ് സിറ്റി കോർപറേഷൻ മാറ്റാനൊരുങ്ങുന്നത്. അതേസമയം ബി.ജെ.പി ഇതിനെ സ്വാഗതം ചെയ്യില്ലെന്ന് അറിയാമെന്നും കാര്യങ്ങളുടെ ദോഷവശങ്ങൾ പരിഗണിക്കാതെ എതിർക്കലാണ് അവരുടെ പണിയെന്നും സിദ്ധരാമയ്യ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.