പ്രഖ്യാപനത്തിലൊതുങ്ങി മുന്നൊരുക്കങ്ങൾ; മഴവെള്ളത്തിൽ മുങ്ങി നഗര പാതകൾ
text_fieldsബംഗളൂരു: വേനൽമഴയിൽ നാശനഷ്ടങ്ങൾ തുടരുമ്പോഴും നഗരത്തിൽ മഴക്കാല മുന്നൊരുക്കങ്ങൾ പ്രഖ്യാപനത്തിൽ ഒതുങ്ങുന്നതായി ആക്ഷേപം. ഓവുചാലുകൾ വൃത്തിയാക്കി മഴവെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള നടപടികൾ പൂർത്തിയാക്കിയില്ലെന്ന് നഗരത്തിലെ റെസിഡൻറ്സ് അസോസിയേഷനുകൾ ആരോപിക്കുന്നു. യെലഹങ്കയിൽ 22 വില്ലകളിൽ വെള്ളം കയറി വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
അടുത്തമാസം ആദ്യവാരം കാലവർഷമെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. നിലവിലെ സാഹചര്യം പരിഗണിക്കുമ്പോൾ മഴക്കാലമായാൽ നഗരം വെള്ളത്തിൽ മുങ്ങുമെന്നാണ് ആശങ്ക. സാധാരണയായി മേയ് ആദ്യവാരത്തോടെ നഗരത്തിൽ ഓവുചാലുകൾ വൃത്തിയാക്കുക, അപകടനിലയിലുള്ള മരങ്ങൾ വെട്ടിമാറ്റുക തുടങ്ങിയ പ്രവൃത്തികൾ പൂർത്തിയാകാറുണ്ട്. എന്നാൽ ഇത്തവണ കാര്യമായ നടപടിയൊന്നും കോർപറേഷന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് പരാതി.
നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ള 200 ഇടങ്ങളുണ്ടെന്നാണ് കോർപറേഷന്റെ കണക്ക്. ഇവിടെ വെള്ളക്കെട്ടുണ്ടാകുന്നത് കണ്ടെത്താൻ നേരത്തേ സെൻസറുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇവയിൽ നിന്നുള്ള സിഗ്നലുകൾ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾ പൂർത്തിയാകുന്നതേയുള്ളൂ.
സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് സംവിധാനം പ്രവർത്തിക്കുന്നതെങ്കിലും മുന്നറിയിപ്പ് സിഗ്നലുകൾ ലഭിക്കുമ്പോൾ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത് കോർപറേഷനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.