മുഡ കേസിൽ മുഖ്യമന്ത്രിക്ക് ക്ലീൻ ചിറ്റ്; ലോകായുക്ത ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര വിജിലൻസ് കമ്മിറ്റിക്ക് പരാതി
text_fieldsമുഖ്യമന്ത്രി സിദ്ധരാമയ്യ വെള്ളിയാഴ്ച നിയമസഭയെ അഭിസംബോധന ചെയ്യുന്നു
ബംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) കേസിലെ ഹരജിക്കാരൻ സ്നേഹമയി കൃഷ്ണ കർണാടക ലോകായുക്തയിൽ സേവനമനുഷ്ഠിക്കുന്ന മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര വിജിലൻസ് കമ്മിറ്റി (സി.വി.സി) കമീഷണർക്ക് ഔദ്യോഗികമായി പരാതി നൽകി. മുഡ അഴിമതിയിൽ ഒന്നാം പ്രതിയായി ഉൾപ്പെടുത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ക്ലീൻ ചിറ്റ് നൽകി ലോകായുക്ത സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടുമായി ബന്ധപ്പെട്ടാണ് പരാതി.
അഡീ. ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (എ.ഡി.ജി.പി) മനീഷ് ഖർബിക്കർ, ഐ.ജി.പി സുബ്രഹ്മണ്യേശ്വര റാവു, മൈസൂരു ലോകായുക്ത എസ്.പി ടി.ജെ. ഉദേഷ് എന്നിവർക്കെതിരെയാണ് കൃഷ്ണയുടെ നീക്കം. മുഖ്യമന്ത്രിക്കും മറ്റു പ്രതികൾക്കുമെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇവരാണ് കേസ് അവസാനിപ്പിക്കൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.
മുഡ അഴിമതി കൈകാര്യം ചെയ്തപ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സ്വാധീനത്തിലാണ് ഈ ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്ന് പരാതിയിൽ ആരോപിച്ചു. അവരുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടണം. നടപടിയെടുക്കേണ്ടത് അനിവാര്യമാണ്. ഈ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥർ പ്രതികൾക്ക് കീഴടങ്ങുകയാണ് ചെയ്തത്.
സിദ്ധരാമയ്യ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്ന് താൻ വിശ്വസിക്കുന്നുണ്ടെങ്കിലും തെളിവുകളുടെ അഭാവമുണ്ടെന്ന് ഉദ്യോഗസ്ഥർ തെറ്റായി അവകാശപ്പെട്ടുവെന്ന് പരാതിയിൽ ആരോപിച്ചു. അന്തിമ റിപ്പോർട്ടായി ഉദ്യോഗസ്ഥർ കോടതിയിൽ ഇടക്കാല റിപ്പോർട്ടാണ് സമർപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.