ക്ലൈമാക്സ് നീണ്ട് കർണാടക; ആഘോഷവും പ്രതിഷേധവുമായി അനുയായികൾ
text_fieldsബംഗളൂരു: മുഖ്യമന്ത്രി പദവി സംബന്ധിച്ച് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിലെ തർക്കത്തിൽ ഹൈകമാൻഡിന് ബുധനാഴ്ചയും തീർപ്പ് കൽപിക്കാനാവാതായതോടെ കർണാടകയിൽ ക്ലൈമാക്സ് നീളുന്നു. സത്യപ്രതിജ്ഞ ചടങ്ങിനായി ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ നിർത്തിവെച്ചു. ഇതോടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങ് വ്യാഴാഴ്ച നടക്കില്ലെന്ന് ഉറപ്പായി. പാർട്ടി തല നിർദേശത്തെ തുടർന്നായിരുന്നു ബുധനാഴ്ച രാവിലെ ഒരുക്കം ആരംഭിച്ചത്. അരലക്ഷം പേർക്ക് പങ്കെടുക്കാവുന്ന രീതിയിലാണ് ഒരുക്കങ്ങൾ ആസൂത്രണം ചെയ്തിരുന്നത്.
വൈകീട്ടോടെ ഡൽഹിയിൽനിന്ന് നേതൃത്വത്തിന്റെ നിർത്തിവെക്കാനുള്ള നിർദേശമെത്തി. ഇതോടെ പാതി പൂർത്തിയായ വേദി അഴിച്ചുമാറ്റി. റെഡ് കാർപെറ്റുകൾ മടക്കി. സ്റ്റേഡിയത്തിന് മുകളിൽ തൂക്കിയ വർണത്തുണികളും അഴിച്ചുമാറ്റി. അതേസമയം, സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയെന്ന് ഉറപ്പിച്ച് അദ്ദേഹത്തിന്റെ അനുയായികൾ കർണാടകയിൽ ആഘോഷം തുടങ്ങി. ബംഗളൂരു, തുമകുരു, മൈസൂരു, ചിത്രദുർഗ എന്നിവിടങ്ങളിൽ പടക്കം പൊട്ടിച്ചും സിദ്ധരാമയ്യയുടെ ചിത്രത്തിൽ പാലഭിഷേകം നടത്തിയും മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം.
ഡി.കെ. ശിവകുമാറിന്റെ അനുയായികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അവർ രാമനഗരയിൽ മൈസൂരു- ബംഗളൂരു പഴയപാത ഉപരോധിച്ചു. ബംഗളൂരുവിൽ സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും വീടുകൾക്ക് മുന്നിൽ അനുയായികൾ ദിവസങ്ങളായി തമ്പടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പദവി വിഷയത്തിൽ കോൺഗ്രസ് നേതാക്കളുടെ പരസ്യപ്രസ്താവനക്ക് പാർട്ടി വിലക്കുണ്ട്.
നിർദേശം ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിശ്ചയിച്ചതായും രാഹുൽഗാന്ധി അദ്ദേഹത്തോട് സംസാരിച്ചതായും കർണാടക മഹിള കോൺഗ്രസ് അധ്യക്ഷ പുഷ്പ അമർനാഥ് പറഞ്ഞു.
സിദ്ധരാമയ്യക്ക് തങ്ങൾ അഭിനന്ദനം അറിയിച്ചതായും അവർ വ്യക്തമാക്കി. സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുന്നതിൽ സന്തോഷമുണ്ടെന്ന് മുൻമന്ത്രിയും ദലിത് നേതാവും സിദ്ധരാമയ്യയുടെ അടുത്തയാളുമായ എച്ച്.സി. മഹാദേവപ്പ പ്രതികരിച്ചു. അധികാരം പങ്കിടുന്നത് സംബന്ധിച്ച് നിർദേശമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.