സി.എം. ഇബ്രാഹിം ജെ.ഡി-എസ് കർണാടക അധ്യക്ഷ സ്ഥാനം രാജിവെച്ചു
text_fieldsബംഗളൂരു: നിയമസഭ സഭ തെരഞ്ഞെടുപ്പിലെ ജെ.ഡി-എസിന്റെ തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സി.എം. ഇബ്രാഹിം കർണാടക അധ്യക്ഷപദവി രാജിവെച്ചു. ബുധനാഴ്ച പാർട്ടി മുഖ്യൻ എച്ച്.ഡി. ദേവഗൗഡ വിളിച്ചു ചേർത്ത നേതൃയോഗത്തിനുശേഷമായിരുന്നു രാജി പ്രഖ്യാപനം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പിറ്റേദിവസം തന്നെ രാജിക്കത്ത് ദേവഗൗഡക്ക് കൈമാറിയിരുന്നതായും ഇപ്പോൾ ഔദ്യോഗികമായി പടിയിറങ്ങുകയാണെന്നും സി.എം. ഇബ്രാഹിം പറഞ്ഞു.
പുതുതായി രൂപവത്കരിച്ച കോൺഗ്രസ് സർക്കാറിന് അദ്ദേഹം ആശംസ നേർന്നു. അതേസമയം, ജെ.ഡി-എസിന്റെ നിയമസഭ കക്ഷി നേതാവായി എച്ച്.ഡി. കുമാരസ്വാമിയെ വീണ്ടും തെരഞ്ഞെടുത്തു. 19 എം.എൽ.എമാരാണ് ജെ.ഡി-എസ്സിനുള്ളത്. മുൻ കേന്ദ്ര വ്യോമയാന മന്ത്രികൂടിയായ സി.എം. ഇബ്രാഹിം 2022 മാർച്ച് 12നാണ് കോൺഗ്രസ് വിട്ടത്. പാർട്ടിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ആരോപണമുയർത്തിയ ഇബ്രാഹിം നിയമനിർമാണ കൗൺസിൽ പ്രതിപക്ഷനേതാവ് പദവിയിലേക്ക് തന്നെ തഴഞ്ഞ് ബി.കെ. ഹരിപ്രസാദിനെ കോൺഗ്രസ് നിയമിച്ചതോടെ പാർട്ടി വിടുകയായിരുന്നു. കോൺഗ്രസ് എം.എൽ.സി സ്ഥാനം രാജിവെച്ച് ജെ.ഡി-എസിൽ ചേർന്ന അദ്ദേഹം 2022 ഏപ്രിൽ 17ന് കർണാടക അധ്യക്ഷനായി. 2005ൽ സിദ്ധരാമയ്യയോടൊപ്പം ജെ.ഡി-എസ് വിട്ട സി.എം. ഇബ്രാഹിമിന് പാർട്ടിയിലേക്കുള്ള തിരിച്ചുവരവായിരുന്നു അത്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ ജെ.ഡി-എസിന് ദയനീയ പരാജയമേറ്റതോടെ അദ്ദേഹം നേതൃസ്ഥാനമൊഴിയുകയായിരുന്നു. സി.എം. ഇബ്രാഹിമിന്റെ മകൻ സി.എം. ഫയാസ് അഹമ്മദ് ഹുംനാബാദിലും എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി മണ്ഡ്യയിലും തോറ്റിരുന്നു. പരമ്പരാഗത വോട്ടുബാങ്കായ വൊക്കലിഗർക്കു പുറമെ, സി.എം. ഇബ്രാഹിമിനെ മുൻനിർത്തി ന്യൂനപക്ഷ വോട്ടുകളും ജെ.ഡി-എസ് ലക്ഷ്യമിട്ട് പ്രചാരണം നയിച്ചെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.