വരുന്നു, ഓട്ടോ യൂനിയനുകളുടെ സ്വന്തം യാത്രാആപ്; 'നമ്മ യാത്രി' എന്ന ആപ് നവംബർ ഒന്നിന് പുറത്തിറക്കും
text_fields ബംഗളൂരു: ഒലെ, ഉബർ എന്നിവക്ക് പകരമായി ബംഗളൂരുവിൽ ഓട്ടോ ഡ്രൈവർമാരുടെ യൂനിയനുകളുടെ നേതൃത്വത്തിൽ സ്വന്തമായി മൊബൈൽ യാത്രാ ആപ് പുറത്തിറക്കുന്നു. ഓട്ടോറിക്ഷ യൂനിയനായ എ.ആർ.ഡി.യു, ബെക്കൻ ഫൗണ്ടേഷന്റെ സഹായത്തോടെയാണ് 'നമ്മ യാത്രി' എന്ന പേരിലുള്ള ആപ് തയാറാക്കുന്നത്. ഇത് നവംബർ ഒന്നിന് പുറത്തിറക്കും.
ഒലെ, ഉബർ എന്നിവ യാത്രക്കാരിൽനിന്ന് നൂറുരൂപ ഈടാക്കുമ്പോൾ ഡ്രൈവർക്ക് 60 രൂപയാണ് നൽകുന്നത്. 40 രൂപ കമീഷനായി കമ്പനികൾ ഈടാക്കുന്നു. നിരക്ക് കൂട്ടിയതോടെ 50 മുതൽ 60 ശതമാനം ആളുകളും ഓട്ടോകൾ വിളിക്കാതായി. ഇപ്പോൾ വാഹനം ഇല്ലാത്തവരും അടിയന്തര ആവശ്യങ്ങൾക്ക് പോകുന്നവരും മാത്രമാണ് ഓട്ടോകൾ വിളിക്കുന്നത്. ഗതാഗതവകുപ്പിനോട് നിരവധി തവണ പരാതി ഉന്നയിച്ചെങ്കിലും പരിഹാരമുണ്ടാകാത്തതിനാലാണ് പുതിയ ആപ് പുറത്തിറക്കുന്നതെന്നും എ.ആർ.ഡി.യു പ്രസിഡന്റ് ഡി. രുദ്രമൂർത്തി പറഞ്ഞു.
'നമ്മ യാത്രി' ആപ്പിലൂടെ ഓട്ടോ വിളിക്കുമ്പോൾ സർക്കാർ നിശ്ചയിച്ച തുകയാണ് ഈടാക്കുക. എന്നാൽ 10 രൂപ പിക്അപ് ചാർജായി നൽകണം. രണ്ട് കിലോമീറ്റർ ചുറ്റളവിൽ മെട്രോ സ്റ്റേഷനുകൾ, വീടുകൾ, ഓഫിസുകൾ എന്നിവക്കിടയിലുള്ള യാത്രക്ക് 40 രൂപയായി നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ ബംഗളൂരുവിൽ ഇത്തരം ആപ്പുകൾ പുറത്തിറക്കാൻ ശ്രമമുണ്ടായെങ്കിലും നടന്നിരുന്നില്ല. 2017ൽ ജെ.ഡി.എസിെന്റ നേതൃത്വത്തിൽ 'നമ്മ ടി.വൈ.ജി.ആർ' എന്ന പേരിൽ ആപ് പുറത്തിറക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ നവംബറില്‍ സംസ്ഥാനത്തെ ഓട്ടോറിക്ഷ നിരക്ക് സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. 2021ൽ കേരളത്തിൽ കൊച്ചിയിൽ ഇത്തരത്തിൽ കേരള മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയും ബെക്കൻ ഫൗണ്ടേഷനും ചേർന്ന് യാത്രാ ആപ് പുറത്തിറക്കിയിരുന്നു. നിലവിൽ കർണാടകയിൽ ഓട്ടോകൾക്ക് രണ്ടു കിലോമീറ്ററിനുള്ള നിരക്ക് 30 രൂപയാണ് . പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ നൽകണം.
രാത്രി പത്തിനും പുലര്‍ച്ച അഞ്ചിനുമിടയിലുള്ള യാത്രക്ക് 50 ശതമാനം അധിക നിരക്കും ഉണ്ട്. ഓരോ യാത്രക്കാരനും 20 കിലോയുള്ള ബാഗേജ് സൗജന്യമായി ഓട്ടോയില്‍ കൊണ്ടുപോകാം. എന്നാൽ, അധികമായി വരുന്ന ഓരോ 20 കിലോക്കും അഞ്ചുരൂപ വീതം നല്‍കണം. കാത്തുനില്‍ക്കുന്നതിന് ഓരോ 15 മിനിറ്റിനും അഞ്ചു രൂപ വീതവുമാണ് ഈടാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.