ബി.ജെ.പി ഭരണകാലത്തെ കോവിഡ് ക്രമക്കേടുകൾ അന്വേഷിക്കാൻ സമിതി
text_fieldsബംഗളൂരു: കഴിഞ്ഞ ബി.ജെ.പി ഭരണത്തിന് കീഴിലുള്ള കോവിഡ് 19 മാനേജ്മെന്റുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ കർണാടക സർക്കാർ അന്വേഷണ സമിതിയെ നിയോഗിച്ചു. കർണാടക ഹൈകോടതി മുൻ ജഡ്ജി ജോൺ മൈക്കിൾ ഡി കുഞ്ഞയാണ് സമിതി അധ്യക്ഷൻ.
മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾ നൽകുന്ന മരുന്നുകൾ, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ, കോവിഡ്19 മാനേജ്മെന്റ് ഉപകരണങ്ങൾ, വെന്റിലേറ്ററുകൾ വാങ്ങൽ, വിതരണം എന്നിവ വാങ്ങിയതിൽ അഴിമതി നടന്നതായി അന്ന് പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ തെളിവുസഹിതം ആരോപണമുയർത്തിയിരുന്നു. ഇവ അന്വേഷിക്കാൻ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓക്സിജൻ പ്രതിസന്ധിയെ തുടർന്നുള്ള മരണങ്ങളും അന്വേഷണ വിധേയമാക്കും.
പകർച്ചവ്യാധി കൈകാര്യം ചെയ്യുന്നതിൽ ബി.ജെ.പി സർക്കാർ പരാജയപ്പെട്ടെന്നും ഒരു സ്വതന്ത്ര സമിതിയെക്കൊണ്ട് വിശദമായ അന്വേഷണം നടത്താൻ ശിപാർശ ചെയ്യുന്നതായും 2021 ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ സംസ്ഥാന നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. മരുന്ന്, ഉപകരണങ്ങൾ, ആശുപത്രികളിലെ കിടക്ക വിഹിതം, സ്വകാര്യ ആശുപത്രികൾക്ക് ചികിത്സച്ചെലവ്, വിവിധ സർക്കാർ വകുപ്പുകൾ എന്നിവ വാങ്ങിയതിന്റെ രേഖകൾ നൽകുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെട്ടുവെന്ന് 2023 ജൂലൈയിൽ നിയമസഭയിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.