വർഗീയ സംഘർഷം: ‘എല്ലാ കൊലപാതകങ്ങളിലും പുനരന്വേഷണം വേണം’- കെ.കെ. ഷാഹുൽ ഹമീദ്
text_fieldsബംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ എല്ലാ വർഗീയ സംഘർഷങ്ങളിലെയും കൊലപാതകങ്ങളെപ്പറ്റി പുനരന്വേഷണം നടത്തണമെന്നും പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തണമെന്നും ജില്ല കോൺഗ്രസ് കമ്മിറ്റി ന്യൂനപക്ഷ സെൽ പ്രസിഡന്റ് കെ.കെ. ഷാഹുൽ ഹമീദ് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് സ്പീക്കർ യു.ടി. ഖാദർ മുഖേന മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നൽകി. ബെല്ലാരിയിലെ മസ്ഊദ്, മംഗൽപേട്ടിലെ ഫാസിൽ, കാട്ടിപ്പള്ളയിലെ ജലീൽ, കന്യാദിയിലെ ദിനേഷ് എന്നിവരുടെ കൊലപാതകങ്ങൾ സംബന്ധിച്ചാണ് പുനരന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി പ്രത്യേക അന്വേഷണം സംഘം (എസ്.ഐ.ടി) രൂപവത്കരിക്കണം.
കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കുടുംബത്തിന് നൽകിയപോലെ 25 ലക്ഷം രൂപ നഷ്ടപരിഹാരം ഇവരുടെ കുടുംബങ്ങൾക്കും നൽകണം. കൊലപാതകക്കേസുകളിൽ ബി.ജെ.പി സർക്കാർ പക്ഷപാതപരമായാണ് നടപടികൾ എടുത്തത്. പ്രവീണിന്റെ ഭാര്യക്ക് ജോലി നൽകിയതുപോലെ ജില്ലയിൽ കൊല്ലപ്പെട്ട മറ്റുള്ളവരുടെ ഭാര്യമാർക്കും ജോലി നൽകണം.
ജില്ലയിലെ വർഗീയ സംഘട്ടനങ്ങളിൽ കർശന നടപടി സ്വീകരിക്കണം. ഫാസിലിന്റെ കൊലപാതകികളെന്ന് സംശയിക്കുന്നവരെ ഒരു മാസത്തിനുശേഷം ജാമ്യം നൽകി പുറത്തുവിട്ടു. തുമകുരുവിൽ നടന്ന പൊതുയോഗത്തിൽ തങ്ങളുടെ ആളുകളാണ് ഫാസിലിനെ കൊലപ്പെടുത്തിയതെന്ന് വി.എച്ച്.പി നേതാവ് ശരൺ പമ്പ്വെൽ പറഞ്ഞു. എന്നാൽ, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയല്ലാതെ മറ്റൊരു നടപടിയും ഇയാൾക്കെതിരെ ഉണ്ടായിട്ടില്ല.
ജില്ലയിലെ അഞ്ച് കൊലപാതകങ്ങളും വർഗീയ സംഘർഷങ്ങളിലാണ് ഉണ്ടായത്. എന്നാൽ, പക്ഷപാതപരമായാണ് മുൻ ബി.ജെ.പി സർക്കാർ പെരുമാറിയതെന്നും എല്ലാ സംഭവങ്ങളിലും കുടുംബാംഗങ്ങൾക്ക് നീതി ഉറപ്പാക്കുന്ന അന്വേഷണം കോൺഗ്രസ് സർക്കാർ നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.