നീലഗിരി മർക്കസിൽ സമൂഹ വിവാഹം ഇന്ന്, 800 യുവതികൾ സുമംഗലികളാകും
text_fieldsബംഗളൂരു: തമിഴ്നാട്ടിലെ പാടന്തറ നീലഗിരി മർക്കസിൽ ഞായറാഴ്ച 800 യുവതികളുടെ മംഗല്യസ്വപ്നം പൂവണിയും. ചടങ്ങിനെത്തുന്ന ആയിരങ്ങൾക്ക് ഭക്ഷണമൊരുക്കുന്നത് സുന്നി യുവജന സംഘം (എസ്.വൈ.എസ്) ബംഗളൂരു ജില്ല കമ്മിറ്റി.തമിഴ്നാട്, കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ അർഹരായ യുവതികൾക്കാണ് ആഭരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ അടക്കം നൽകി വിവാഹം നടത്തുന്നത്. വിവിധയിടങ്ങളിൽ നിന്ന് വധൂവരന്മാരുടെ ബന്ധുക്കൾ, നാട്ടുകാർ, സംഘടന പ്രവർത്തകർ തുടങ്ങി ഒന്നരലക്ഷം പേരാണ് പരിപാടിയിൽ പങ്കെടുക്കുകയെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവിധ മതവിഭാഗങ്ങളിൽപെട്ടവരുടെ വിവാഹമാണ് നടക്കുന്നത്.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷങ്ങളിലായി നടന്ന സമൂഹവിവാഹങ്ങളിലായി ഇതിനകം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 1120 യുവതികളുടെ വിവാഹമാണ് നടത്തിയത്. നിരവധി അപേക്ഷകളിൽ നിന്നാണ് കൂടുതൽ അർഹരായവരെ തിരഞ്ഞെടുത്തത്. ഞായറാഴ്ച വിവാഹിതരാകുന്ന 800 യുവതികൾ വിവിധ മതവിഭാഗങ്ങളിൽപെട്ടവരാണ്.
എസ്.വൈ.എസ് കേരള സംസ്ഥാന സാന്ത്വനം ചെയർമാൻ ഡോ. ദേവർഷോല അബ്ദുസ്സല്ലാം മുസ്ലിയാർ സംഗമത്തിന് നേതൃത്വം നൽകും. മുൻവർഷങ്ങളിൽ നടന്ന സംഗമങ്ങളിലും ബംഗളൂരു ജില്ല കമ്മിറ്റി സജീവ ഭാഗമായിരുന്നു. ഇത്തവണ ഇത്രയും പേർക്ക് ഭക്ഷണമൊരുക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
എസ്.വൈ.എസ് ജില്ല പ്രസിഡന്‍റ് ജാഫർ നൂറാനി, സാന്ത്വനം ചെയർമാൻ ഇബ്രാഹിം സഖാഫി നെല്ലൂർ, ബംഗളൂരു എസ്.എം.എ പ്രസിഡന്‍റ് അബ്ദുറഹ്മാൻ ഹാജി, അബ്ദുൽ ജലീൽ ഹാജി, ഇബ്രാഹിം സഖാഫി, ബഷീർ സഅദി, താജുദ്ദീൻ, നാസർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.