കർണാടകയിൽ ബി.ജെ.പിയെ തിരുത്തി കോൺഗ്രസ്;കർണാടകയിൽ കൊല്ലപ്പെട്ട മുസ്ലിംകളുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം
text_fieldsബംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ അടുത്തിടെ വർഗീയ-പ്രതികാര സംഭവങ്ങളിൽ കൊല്ലപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്ക് സിദ്ധരാമയ്യ സർക്കാർ 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്നാണ് തുക അനുവദിക്കുക. ജൂൺ 19ന് ബംഗളൂരുവിലെ മുഖ്യമന്ത്രിയുടെ ഓഫിസായ കൃഷ്ണയിൽ നടക്കുന്ന ചടങ്ങിൽ ഇരകളുടെ ബന്ധുക്കൾ നഷ്ടപരിഹാരത്തുക ഏറ്റുവാങ്ങും. ഇത്തരം സംഭവങ്ങളിൽ കൊല്ലപ്പെട്ട മുസ്ലിംകളുടെ കുടുംബങ്ങളെ അവഗണിക്കുകയും ഹിന്ദു കുടുംബങ്ങൾക്ക് മാത്രം സഹായം അനുവദിക്കുകയുമാണ് മുൻ ബി.ജെ.പി സർക്കാർ ചെയ്തത്. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പോലും ബി.ജെ.പി വിവേചനം കാണിക്കുന്നുവെന്നും ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണെന്നും വ്യാപക വിമർശനമുയർന്നിരുന്നു.
കഴിഞ്ഞ വർഷം ജൂലൈ 19ന് ബെള്ളാരിയിൽ കൊല്ലപ്പെട്ട മസ്ഊദ്, ജനുവരി 28ന് കൊല്ലപ്പെട്ട കട്ടിപള്ള സ്വദേശി മുഹമ്മദ് ഫാസിൽ, ഡിസംബർ 24ന് കൊല്ലപ്പെട്ട അബ്ദുൽ ജലീൽ, ജനുവരി മൂന്നിന് കൊല്ലപ്പെട്ട ദീപക് റാവു എന്നിവരുടെ കുടുംബങ്ങൾക്കാണ് തിങ്കളാഴ്ച കോൺഗ്രസ് സർക്കാർ നഷ്ടപരിഹാരം നൽകുന്നത്. യുവമോർച്ച നേതാവായ പ്രവീൺ നെട്ടാരുവിനെ ബൈക്കുകളിൽ എത്തിയ സംഘമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതിന് ശേഷവും മുമ്പും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർസഹായം ലഭിച്ചിരുന്നില്ല. പ്രവീണിന്റെ കുടുംബത്തിന് അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ 25 ലക്ഷം രൂപ സർക്കാർ സഹായം വീട്ടിലെത്തി കൈമാറിയിരുന്നു. പ്രവീണിന്റെ ഭാര്യ നൂതൻ കുമാരിക്ക് 30,350 രൂപ ശമ്പളത്തിൽ ജോലിയും നൽകി.
പ്രവീൺ കൊല്ലപ്പെട്ട സുള്ള്യ ബെള്ളാരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ബന്ധുവീട്ടിൽ താമസിച്ച് ജോലി ചെയ്തിരുന്ന കാസർകോട് സ്വദേശി മസ്ഊദ് (19) ജൂലൈ 21നാണ് കൊല്ലപ്പെട്ടത്. സംഘ്പരിവാർ പ്രവർത്തകരാണ് കേസിൽ പ്രതികൾ. മസ്ഊദിന്റെ കൊലപാതകത്തിന് പകരംവീട്ടിയാണ് പ്രവീണിന്റെ കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രവീൺ വധിക്കപ്പെട്ട് 48 മണിക്കൂറിനകമാണ് മുഹമ്മദ് ഫാസിൽ (23) കൊല്ലപ്പെട്ടത്.ഇതിലും സംഘ്പരിവാർ പ്രവർത്തകരാണ് പ്രതികൾ. എന്നാൽ, ഈ രണ്ട് കുടുംബങ്ങളെയും കാണുകയോ സഹായം നൽകുകയോ ബി.ജെ.പി സർക്കാർ ചെയ്തിട്ടില്ല. പത്ത് ദിവസത്തിനുള്ളിൽ മൂന്നു യുവാക്കൾ കൊല്ലപ്പെട്ടിട്ടും ബൊമ്മൈ യുവമോർച്ച നേതാവിന്റെ വീട് മാത്രം സന്ദർശിച്ച് സഹായധനം നൽകി. പ്രതിഷേധത്തെ തുടർന്ന് എല്ലാ കൊലപാതകങ്ങളെയും ഒരുപോലെ കാണുമെന്നും കൊല്ലപ്പെട്ട മറ്റുള്ളവരുടെ വീടുകളും സന്ദർശിക്കുമെന്നും ബൊമ്മൈ പറഞ്ഞെങ്കിലും വാക്കുപാലിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.