എസ്.ഡി.പി.ഐയും ഉവൈസിയും മുസ്ലിം വോട്ട് ഭിന്നിപ്പിക്കുമെന്ന് ആശങ്ക
text_fieldsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ നൂറു സീറ്റുകളിൽ മത്സരിക്കും. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം 25 മണ്ഡലങ്ങളിലും രംഗത്തുണ്ട്. ഇവർക്ക് ജയസാധ്യത ഇല്ലെങ്കിലും ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ച് ബി.ജെ.പിക്ക് അനുകൂല സാഹചര്യമൊരുക്കാൻ ഇടയാക്കുമെന്ന് കോൺഗ്രസും ജനതാദൾ എസും ആശങ്കപ്പെടുന്നു.
കർണാടകയിൽ 65 മണ്ഡലങ്ങളിൽ മുസ്ലിം വോട്ടുകൾ 20 ശതമാനമുണ്ട്. 45 സീറ്റുകളിൽ 10-20 ശതമാനവും. ഏപ്രിൽ പത്തോടെ എല്ലാ സ്ഥാനാർഥികളെയും പ്രഖ്യാപിക്കുമെന്ന് എസ്.ഡി.പി.ഐ ജനറൽ സെക്രട്ടറി അഫ്സർ കുഡ്ലികെരെ പറഞ്ഞു.. 2018ൽ മൈസൂരുവിലെ നരസിംഹരാജ, ഗുൽബർഗ നോർത്, ബംഗളൂരുവിലെ ചിക്ക്പേട്ട് എന്നീ മണ്ഡലങ്ങളിലാണ് എസ്.ഡി.പി.ഐ മത്സരിച്ചത്.
നരസിംഹരാജയിൽ 33,284 വോട്ടുകൾ നേടിയെങ്കിലും മറ്റ് രണ്ടിടങ്ങളിലും കെട്ടിവെച്ച പണം നഷ്ടമായി. കോൺഗ്രസ് നരസിംഹരാജയിൽ ജയിച്ചെങ്കിലും ബി.ജെ.പിക്ക് 44,141 വോട്ടുകൾ കിട്ടി. നിലവിൽ മംഗളൂരു മുനിസിപ്പൽ കോർപറേഷനിൽ രണ്ട്, ശിവ്മൊഗ്ഗ, ബംഗളൂരു മുനിസിപ്പൽ കോർപറേഷനുകളിൽ ഒന്നുവീതം സീറ്റുകൾ എസ്.ഡി.പി.ഐക്കുണ്ട്.
ചിലർ മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കുകയാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് സലീം അഹ്മദ് പറഞ്ഞു. അതേസമയം, ആരോപണം തെറ്റാണെന്നും 2018ൽ മൂന്നിടങ്ങിൽ മാത്രമേ തങ്ങൾ മത്സരിച്ചുള്ളുവെന്നും എ.ഐ.എം.ഐ.എം മത്സരിച്ചിട്ടേയില്ലെന്നും എന്നിട്ടും കോൺഗ്രസിന് ഭൂരിപക്ഷം നേടാനായില്ലെന്നും എസ്.ഡി.പി.ഐ ജനറൽ സെക്രട്ടറി പറഞ്ഞു.
തന്‍റെ പാർട്ടി മത്സരിച്ചിട്ടില്ലാത്ത 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റ് മാത്രമേ ലഭിച്ചുള്ളൂവെന്ന് അസദുദ്ദീൻ ഉവൈസിയും പറഞ്ഞു. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 50ഓളം സീറ്റുകളിൽ കോൺഗ്രസിന്‍റെയും ജെ.ഡി.എസിന്‍റേയും സ്ഥാനാർഥികൾ തോറ്റത് അയ്യായിരത്തിൽതാഴെ വോട്ടുകൾക്കാണ്. ചില മണ്ഡലങ്ങളിൽ എസ്.ഡി.പി.ഐയുടെ പട്ടിക വന്നശേഷം സ്ഥാനാർഥികളെ തീരുമാനിക്കാനാണ് കോൺഗ്രസിന്‍റെയും ജെ.ഡി.എസിന്‍റെയും തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.