കണ്ടക്ടർ വസന്തമ്മ കാവലായി; ബസില്‍ യുവതിക്ക് സുഖപ്രസവം
text_fieldsബംഗളൂരു: കർണാടക ആർ.ടി.സിയിലെ വനിത കണ്ടക്ടറുടെ കരുതലിന്റെ കാവലിൽ യുവതിക്ക് ബസിൽ സുഖപ്രസവം. യാത്രക്കാരിയായ അസം സ്വദേശി ഫാത്തിമയാണ് (23) പെൺകുഞ്ഞിന് ജന്മം നൽകിയത്. നാല്പത്തഞ്ചോളം യാത്രക്കാരുമായി ബംഗളൂരുവില്‍നിന്ന് ചിക്കമകളൂരുവിലേക്ക് പോയ കെ.എ 18 എഫ് 0865 ബസിലാണ് സംഭവം. ബേലൂരിലേക്ക് ഭര്‍തൃമാതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഫാത്തിമ.
യുവതി ഗര്‍ഭിണിയായതിനാൽ ബസിന്റെ മുന്‍ സീറ്റ് ആണ് നൽകിയത്. ഉച്ചയോടെ ബസ് ഹാസന് ജില്ലയിലെ ചന്നരായപട്ടണയിൽ എത്തിയപ്പോള്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. ഇത് ശ്രദ്ധയില്‍പെട്ട വനിത കണ്ടക്ടര്‍ വസന്തമ്മ ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ശേഷം യാത്രക്കാരെ മുഴുവന്‍ റോഡിലിറക്കി യുവതിയെ സീറ്റില്‍ കിടത്തി. തുടർന്ന് യുവതിയുടെ ഭര്‍തൃമാതാവിന്റെ സഹായത്തോടെ പ്രസവം നടത്തുകയായിരുന്നു.
പ്രസവത്തിനുശേഷം ബസ് കഴുകി വൃത്തിയാക്കിയ യാത്രക്കാർ യുവതിക്ക് ധനസഹായവും പിരിച്ചുനൽകി. പ്രസവശേഷം അരമണിക്കൂറിനുള്ളില്‍ ആംബുലന്‍സില്‍ യുവതിയെയും പെണ്കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. കെ.എസ്.ആര്.ടി.സിയില്‍ 20 വര്‍ഷത്തിലേറെയായി സേവനമനുഷ്ഠിക്കുന്ന വസന്തമ്മ ജോലിയിൽ പ്രവേശിക്കും മുമ്പ് കുറച്ചുകാലം ഡോക്ടറുടെ സഹായിയായി ജോലി ചെയ്തിരുന്നു. ഈ അനുഭവസമ്പത്ത് നൽകിയ ആത്മവിശ്വാസം നിർണായക ഘട്ടത്തിൽ തുണയായി. യുവതിയെ എങ്ങനെ സഹായിക്കാം എന്ന് മാത്രമാണ് കരുതിയതെന്ന് വസന്തമ്മ പറഞ്ഞു.
വസന്തമ്മയുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം ഗര്‍ഭിണിയെയും കുഞ്ഞിനെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായും മാതൃകാപരമായ സേവനം കാഴ്ചവെച്ച വസന്തമ്മയെ അനുമോദിക്കുമെന്നും കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടര്‍ ജി. സത്യവതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.