ബി.ജെ.പിയിൽ കലഹം; യത്നാലിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി
text_fieldsബംഗളൂരു: പടലപ്പിണക്കം രൂക്ഷമായ കർണാടക ബി.ജെ.പിയിൽ മുതിർന്ന എം.എൽ.എ ബസന ഗൗഡ പാട്ടിൽ യത്നാലിനെതിരെ കേന്ദ്ര നേതൃത്വത്തിനു പരാതി. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര നേരിട്ട് ഡൽഹിയിലെത്തിയാണ് പാർട്ടി നേതൃത്വത്തിന് ഔദ്യോഗികമായി പരാതി കൈമാറിയത്. കർണാടകയുടെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോ. രാധമോഹൻ അഗർവാളുമായുള്ള അഭിപ്രായ ഭിന്നതയും മുൻ മുഖ്യമന്തി ബി.എസ്. യെദിയൂരപ്പ, മകനും കർണാടക ബി.ജെ.പി അധ്യക്ഷനുമായ ബി.വൈ. വിജയേന്ദ്ര എന്നിവർക്കെതിരായ പരസ്യ വിമർശനവുമാണ് യത്നാലിനെതിരായ പരാതിക്കാധാരം.
അതേസമയം, ഡൽഹിയിലെത്തിയ വിജയേന്ദ്രക്ക് ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ, ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവരെ കാണാനായില്ല. ഇരുവരുമായും കൂടിക്കാഴ്ചക്ക് അനുമതി തേടിയിരുന്നെങ്കിലും അനുവദിച്ചില്ല. തുടർന്ന് രാധമോഹൻ അഗർവാളുമായി കൂടിക്കാഴ്ച നടത്തി വിജയേന്ദ്ര ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു.
യെദിയൂരപ്പയുടെയും വിജയേന്ദ്രയുടെയും പതിവു വിമർശകൻകൂടിയാണ് വടക്കൻ കർണാടകയിലെ വിജയപുരയിൽനിന്നുള്ള നേതാവായ ബസന ഗൗഡ പാട്ടിൽ യത്നാൽ. കർണാടക ബി.ജെ.പിയിലെ ഉൾപ്പോരാണ് ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ മൂന്നു സീറ്റിലും എൻ.ഡി.എയുടെ തോൽവിക്കിടയാക്കിയതെന്ന് ചില നേതാക്കൾ ആക്ഷേപമുയർത്തിയിരുന്നു. ഹാവേരിയിലെ ഷിഗ്ഗോണിൽ സിറ്റിങ് സീറ്റിലെ തോൽവി ബി.ജെ.പിയെ ഞെട്ടിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മണ്ഡലത്തിൽ മകൻ കോൺഗ്രസിനോട് തോൽവി വഴങ്ങുകയായിരുന്നു.
ബെള്ളാരിയിലെ സന്തൂർ കോൺഗ്രസ് നിലനിർത്തിയപ്പോൾ രാമനഗരയിലെ ചന്നപട്ടണയിൽ എൻ.ഡി.എ കക്ഷിയായ ജെ.ഡി- എസിനും സീറ്റ് കൈവിട്ടു. മൂന്ന് സീറ്റിലും കോൺഗ്രസ് ആധിപത്യം പുലർത്തി. ഉപതെരഞ്ഞെടുപ്പിലെ സമ്പൂർണ പരാജയത്തിനു പിന്നാലെ ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യവുമായി യത്നാൽ രംഗത്തുവരുകയായിരുന്നു. തുടർന്ന് നേതാക്കൾ ചേരിതിരിഞ്ഞ് പ്രസ്താവനകളുമായി രംഗത്തിറങ്ങിയതോടെ കലഹം രൂക്ഷമായി.
യത്നാലിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് മുൻ എം.എൽ.എയും യെദിയൂരപ്പയുടെ മുൻ പൊളിറ്റിക്കൽ സെക്രട്ടറിയുമായിരുന്ന എം.പി. രേണുകാചാര്യയുടെ നേതൃത്വത്തിൽ ഒരുകൂട്ടം നേതാക്കൾ ആവശ്യപ്പെട്ടു. കട്ടസുബ്രഹ്മണ്യ നായിഡു, ഹർത്താൽ ഹാലപ്പ, രൂപാലി നായിക്, ബസവരാജ് ദാഡ്സുഗൂർ തുടങ്ങിയ നേതാക്കളാണ് രേണുകാചാര്യക്കൊപ്പം രംഗത്തുള്ളത്. ശക്തി പ്രകടനത്തിനായി ദാവൻഗരെയിൽ റാലി നടത്താനും സംസ്ഥാനത്ത് പര്യടനം നടത്താനും രേണുകാ ചാര്യ വിഭാഗം പദ്ധതിയിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.