ബണ്ട്വാളിലെ സഖ്യം കോൺഗ്രസ് നിരാകരിച്ചതിന്റെ ഫലം -എസ്.ഡി.പി.ഐ
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബണ്ട്വാൾ നഗരസഭയിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ എസ്.ഡി.പി.ഐയുമായി സഹകരിച്ച കോൺഗ്രസ് ഉഡുപ്പി ജില്ലയിലെ കൗപിൽ അതിന് സന്നദ്ധമായില്ലെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ് പുത്തൂർ പറഞ്ഞു.
ബണ്ട്വാളിൽ മുൻ മന്ത്രി ബി. രമാനാഥ റൈയുടെ നേതൃത്വത്തിൽ നടത്തിയ നീക്കമാണ് വിജയം കണ്ടത്. എന്നാൽ, ഉഡുപ്പി ജില്ലയിൽ മുൻ എം.പിയും മുൻ എം.എൽ.എയുമായ മുതിർന്ന കോൺഗ്രസ് നേതാവ് വിനയകുമാർ സൊറകെയുമായി കൗപ് നഗരസഭയിലെ സഖ്യം ചർച്ച ചെയ്തെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്ന് ലത്തീഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. ബണ്ട്വാളിൽ ചെയർമാനായി കോൺഗ്രസിന്റെ വാസു പൂജാരി ലൊറെട്ടോയും വൈസ് ചെയർമാനായി എസ്.ഡി.പി.ഐയുടെ മൂനിഷ് അലിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
27 അംഗ ഭരണസമിതിയിൽ കോൺഗ്രസിനും ബി.ജെ.പിക്കും 11 വീതം, എസ്.ഡി.പി.ഐ -നാല് എന്നിങ്ങനെയാണ് ബണ്ട്വാളിൽ കൗൺസിലർമാർ. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ദക്ഷിണ കന്നട എം.പി ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട, ബണ്ട്വാൾ എം.എൽ.എ രാജേഷ് നായ്ക് എന്നിവർകൂടി വോട്ടവകാശമുള്ള അംഗങ്ങളായതിനാൽ ബി.ജെ.പി ചെയർമാൻ സ്ഥാനാർഥി എ. ഗോവിന്ദ പ്രഭുവും വൈസ് ചെയർമാൻ സ്ഥാനാർഥി ഹരിപ്രസാദും 13 വീതം വോട്ടുകൾ നേടി.
കോൺ.-എസ്.ഡി.പി.ഐ സഖ്യം 15 വീതം വോട്ടുകളിൽ വിജയിച്ചു. കൗപിൽ എസ്.ഡി.പി.ഐ അംഗം സരിത വൈസ് ചെയർമാൻ സ്ഥാനം ആഗ്രഹിക്കുകയും കോൺഗ്രസ് സഖ്യത്തിൽ പ്രതീക്ഷ പുലർത്തുകയുംചെയ്തിരുന്നു. അതിനുള്ള സാധ്യത മങ്ങിയ സാഹചര്യത്തിൽ ബി.ജെ.പി സരിതയെ വിലക്ക് വാങ്ങിയെന്ന് ലത്തീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.