Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമധ്യ കർണാടകത്തിൽ...

മധ്യ കർണാടകത്തിൽ കോൺഗ്രസും ബി.ജെ.പിയും ബലാബലം

text_fields
bookmark_border
election karnataka
cancel

ബംഗളൂരു: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഗണ്യമായ സീറ്റുകൾ നൽകിയ മലനാട്, മധ്യകർണാടക മേഖലയിൽ ഇത്തവണ കാറ്റ് തിരിഞ്ഞുവീശുമെന്നാണ് പ്രീ-പോൾ സർവേ ഫലം. മേഖലയിൽ 41 ശതമാനം വോട്ടുകൾ കോൺഗ്രസിലേക്കൊഴുകുമെന്നും ബി.ജെ.പി 38 ശതമാനം വോട്ടിലൊതുങ്ങുമെന്നുമാണ് പ്രവചനം.

2018 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 21 മണ്ഡലങ്ങളും ബി.ജെ.പിക്കൊപ്പം നിന്നിരുന്നു (ആകെ സീറ്റിന്റെ 81 ശതമാനം). കോൺഗ്രസ് അഞ്ചു സീറ്റിലൊതുങ്ങി (19 ശതമാനം സീറ്റ്). മേഖലയിൽ ഒരിടത്തുപോലും ജെ.ഡി-എസിന് ശക്തി തെളിയിക്കാനായില്ല.

മലനാട്, മധ്യകർണാടക മേഖലയിൽ ശിവമൊഗ്ഗ, ചിക്കമകളൂരു, ചിത്രദുർഗ, ദാവൻകരെ ജില്ലകളിലായി 26 നിയമസഭ മണ്ഡലങ്ങളാണുള്ളത്. ഇത്തവണ 25 സീറ്റാണ് മലനാട്, മധ്യകർണാടകയിലുള്ളത്. ഒരു സീറ്റ് പുതുതായി രൂപവത്കരിച്ച വിജയനഗര ജില്ലക്ക് വിട്ടുനൽകി.

ലിംഗായത്തുകളും പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളും നിർണായക വോട്ടുബാങ്കാവുന്ന മേഖലയിൽ പിന്നാക്ക വിഭാഗങ്ങളെ കൂടെ നിർത്തി ബി.ജെ.പിയെ നേരിടാനാണ് കോൺഗ്രസ് തന്ത്രം പയറ്റുന്നത്. മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെയും മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പയുടെയും തട്ടകം ശിവമൊഗ്ഗയാണ്.

ശിവമൊഗ്ഗയിൽ പഴയ മലയാളി കുടിയേറ്റ മേഖല കൂടിയായ ഭദ്രാവതിയിൽമാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകനും മുൻ എം.എൽ.എയുമായ മധു ബംഗാരപ്പ ജെ.ഡി-എസ് വിട്ട് കോൺഗ്രസിലെത്തിയത് ​കോൺഗ്രസിന് നേട്ടമാണ്. ശിവമൊഗ്ഗയിലെ സൊറാബയിൽ അദ്ദേഹം സഹോദരനും ബി.ജെ.പി എം.എൽ.എയുമായ കുമാർ ബംഗാരപ്പക്കെതിരെ മത്സരിക്കും.

ബി.എസ്. യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി 2018 ൽ ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടതാണ് അദ്ദേഹത്തിന്റെ സ്വാധീനമേഖലയായ മധ്യകർണാടകയിലെ ഫലത്തിൽ പ്രതിഫലിച്ചത്. യെദിയൂരപ്പയില്ലാതെ 2013ൽ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിയെ കോൺഗ്രസ് നിലംപരിശാക്കിയിരുന്നു. യെദിയൂരപ്പയില്ലാതെ മേഖലയിൽ ബി.ജെ.പി എത്രകണ്ട് മുന്നോട്ടുപോകും എന്നത് സംശയകരമാണ്.

ശിരോവസ്ത്ര വിവാദവും തുടർന്ന് നടന്ന ബജ്റങ്ദൾ പ്രവർത്തകന്റെ കൊലപാതകവും ഇളക്കിമറിച്ച ശിവമൊഗ്ഗ, തീരമേഖലയായ ദക്ഷിണ കന്നഡയും ഉഡുപ്പിയും പോലെ ബി.ജെ.പിയുടെ ഹിന്ദുത്വ പരീക്ഷ ശാലയാണ്. സമീപ ജില്ലയായ ചിക്കമകളൂരുവിലും ദാവൻഗരെയിലും ബി.ജെ.പി ഹിന്ദുത്വ കാർഡ് നന്നായി പയറ്റുന്നുണ്ട്.

മുസ്‍ലിം വിരുദ്ധതക്ക് പുറമെ, ക്രിസ്ത്യൻ പ്രാർഥനാലയങ്ങൾക്കു നേരെ നടന്ന ഹിന്ദുത്വ അക്രമങ്ങളും മേഖലയെ അസ്വസ്ഥമാക്കുന്നു. ഭരണവിരുദ്ധ വികാരത്തെ ഹിന്ദുത്വ കാർഡ് കൊണ്ട് മറികടക്കാനാണ് ബി.ജെ.പി ശ്രമം. യെദിയൂരപ്പയുടെ മണ്ഡലമായ ശിവമൊഗ്ഗയിലെ ശിക്കാരിപുരയിൽ ഇത്തവണ അദ്ദേഹത്തിന്റെ മകൻ ബി.വൈ. വിജയേന്ദ്രയെ മത്സരിപ്പിക്കുമെന്നാണ് വിവരം.

മേഖലയിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം അരങ്ങേറുക കെ.എസ്. ഈശ്വരപ്പയുടെ മണ്ഡലമായ ശിവമൊഗ്ഗയിലാണ്. വൻ അഴിമതി ആരോപണത്തെതുടർന്ന് മന്ത്രിസ്ഥാനം തന്നെ രാജിവെക്കേണ്ടി വന്ന ഈശ്വരപ്പ വി​ദ്വേഷ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന നേതാവാണ്.

അദ്ദേഹമാ​ണോ മകൻ കെ.ഇ. കന്ദേഷാണോ സ്ഥാനാർഥിയെന്ന് തീരുമാനമായിട്ടില്ല. എന്നാൽ, ബി.ജെ.പി എം.എൽ.സി ആയന്നുർ മഞ്ജുനാഥ് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേക്കേറിയത് ഈ മണ്ഡലത്തിൽ മത്സരിക്കാനാണ്. ദലിത്, പിന്നാക്ക, ന്യൂനപക്ഷ വോട്ടുകൾ ക്രോഡീകരിക്കാനാണ് കോൺഗ്രസ് ശ്രമം.

ദാവൻകരെയിൽ മുൻമന്ത്രിയും വീരശൈവ ലിംഗായത്ത മഹാസഭ അഖിലേന്ത്യാ അധ്യക്ഷനുമായ ഷാമന്നുർ മഹാദേവപ്പയാണ് കോൺഗ്രസി​ന്റെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. ലിംഗായത്തുകളിലെ വീരശൈവ വിഭാഗം നേതാവാണ് അദ്ദേഹം.

ഒരു വിഭാഗം ലിംഗായത്തുകളുടെ വോട്ടും തങ്ങൾക്ക് ലഭിക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. രാഷ്ട്രീയ ഗതി നിർണയിക്കാൻ സ്വാധീനമുള്ള ഒരു ഡസനോളം മഠങ്ങൾ ദാവൻകരെ ജില്ലയിൽ മാത്രമുണ്ട്. കഴിഞ്ഞ ജനുവരിയിൽ ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ ദാവൻകരെയിലെയും ചിത്രദുർഗയിലെയും മഠങ്ങളിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധിയും വിവിധ മഠങ്ങൾ സന്ദർശിച്ചിരുന്നു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ 75 ആം പിറന്നാൾ വൻ ആഘോഷമായാണ് ദാവൻകരെയിൽ സംഘടിപ്പിച്ചത്. ചടങ്ങിൽ പ​ങ്കെടുത്ത ഡി.കെ. ശിവകുമാർ കോൺഗ്രസ് ഒറ്റക്കെട്ടായാണ് പ്രചാരണം നയിക്കുന്നതെന്ന സന്ദേശം നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakacongressbjp
News Summary - Congress and BJP are strong in central Karnataka
Next Story