മാധ്യമരംഗത്തേക്ക് ചുവടുവെക്കാൻ കോൺഗ്രസ്
text_fieldsബംഗളൂരു: ജനങ്ങളിലേക്ക് തങ്ങളുടെ നയങ്ങൾ മെച്ചപ്പെട്ട രീതിയിൽ ആശയവിനിമയം നടത്താനും പൊതു പ്രതിച്ഛായ വർധിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായി കർണാടക കോൺഗ്രസ് മാധ്യമമേഖലയിലേക്ക് ചുവടുവെക്കുന്നു. ആദ്യഘട്ടത്തിൽ യൂട്യൂബ് ചാനലും രണ്ടാം ഘട്ടത്തിൽ ദിനപത്രവുമാണ് കർണാടക കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. ബംഗളൂരുവിലെ കെ.പി.സി.സി ഓഫിസിൽ പ്രത്യേകം സ്റ്റുഡിയോ സംവിധാനവും ഒരുക്കിയിട്ടുണ്ട്.
കോൺഗ്രസിനെതിരായ ബി.ജെ.പി പ്രചാരണങ്ങൾക്ക് മറുപടി നൽകാനും ഈ മാധ്യമസംവിധാനം ഉപയോഗിക്കും. അഞ്ച് പതിറ്റാണ്ടായി കോൺഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്നാണ് ബി.ജെ.പി പ്രചാരണമെന്നും ബി.ജെ.പി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും കർണാടക കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ജി.സി. ചന്ദ്രശേഖർ പറഞ്ഞു. കൂടാതെ, പാർട്ടി തീരുമാനങ്ങൾ പലപ്പോഴും താഴെത്തട്ടിലുള്ള ജനങ്ങളിലേക്കെത്തുന്നില്ലെന്ന് ആക്ഷേപവുമുണ്ട്. മുഖ്യധാരാ മാധ്യമങ്ങളിൽനിന്ന് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന പരാതിയും കോൺഗ്രസിനുണ്ട്. ഈ അതൃപ്തിയാണ് പാർട്ടിക്ക് ശക്തമായ സാന്നിധ്യമുള്ള കർണാടകയിൽ സ്വന്തം മാധ്യമ പ്ലാറ്റ്ഫോം എന്ന ചിന്തയിലേക്ക് നേതാക്കളെ നയിച്ചത്.
രണ്ടാം ഘട്ടത്തിലാണ് പത്രം തുടങ്ങാൻ പാർട്ടി പദ്ധതിയിടുന്നത്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ജാഗോ ബംഗ്ലാ എന്ന പേരിൽ സ്വന്തം പത്രം നടത്തുന്ന പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെ മാധ്യമപ്രവർത്തനങ്ങൾ പഠനവിധേയമാക്കുന്നുണ്ട്. പ്രസിദ്ധീകരണത്തെ തൃണമൂൽ കോൺഗ്രസ് എങ്ങനെ നിലനിർത്തുന്നുവെന്നും ജനങ്ങളിൽനിന്നും പാർട്ടി പ്രവർത്തകരിൽനിന്നും മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്നും ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. കേരളത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വീക്ഷണം ദിനപത്രവും ജയ്ഹിന്ദ് ടി.വി ചാനലും നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.