‘സർക്കാറിനെ തടസ്സപ്പെടുത്തുന്ന ഗവർണറുടെ നടപടി രാഷ്ട്രീയ പ്രേരിതം’-കോൺഗ്രസ് നിയമസഭ കക്ഷി യോഗം
text_fieldsബംഗളൂരു: ജനങ്ങളുടെ വോട്ടുനേടി അധികാരത്തിലെത്തിയ സർക്കാറിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന ഗവർണറുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് നിയമസഭ കക്ഷിയോഗം കുറ്റപ്പെടുത്തി.
വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിധാൻ സൗധ ഹാളിൽ നടന്ന നിയമസഭ കക്ഷി യോഗത്തിൽ കോൺഗ്രസ് എം.എൽ.എമാരും എം.എൽ.സിമാരും പങ്കെടുത്തു. മന്ത്രിസഭ പാസാക്കിയ ബില്ലുകൾ പലതും പിൻവലിച്ച ഗവർണറുടെ നടപടിയെ നിയമസഭാകക്ഷിയോഗം ശക്തമായി അപലപിച്ചു. ആഗസ്റ്റ് മാസത്തിൽ മാത്രം ഗവർണർ ആറ് സുപ്രധാന ബില്ലുകൾ മടക്കിയയച്ചു. ആകെ 11ബില്ലുകൾ ഇതുവരെ തിരിച്ചയച്ചിട്ടുണ്ട്. കർണാടക പൊതു അഴിമതി തടയൽ ബിൽ, കർണാടക മതപരമായ എൻഡോവ്മെന്റ് ഭേദഗതി ബിൽ, കർണാടക ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ബിൽ, കർണാടക നിയമസഭയുടെ അയോഗ്യത തടയൽ ബിൽ, കർണാടക ചലച്ചിത്ര-സാംസ്കാരിക കലാകാരന്മാരുടെ ക്ഷേമ ബിൽ, കർണാടക സഹകരണ സംഘങ്ങളുടെ ഭേദഗതി ബിൽ, രേണുക യല്ലമ്മ ക്ഷേത്ര വികസന അതോറിറ്റി ബിൽ, ഗദഗ് ബെതഗേരി ട്രേഡ് കൾചർ എക്സിബിഷൻ അതോറിറ്റി ബിൽ, കർണാടക രജിസ്ട്രേഷൻ ഭേദഗതി ബിൽ തുടങ്ങിയവ ഗവർണർ ഇതുവരെ പിൻവലിച്ചു. ഈ നീക്കം ശരിയല്ലെന്ന് കോൺഗ്രസ് എം.എൽ.എമാർ ചൂണ്ടിക്കാട്ടി. നിയമസഭയിൽ ബില്ലുകൾ പാസാക്കിയെങ്കിലും നിയമത്തിൽ പഴുതുകളുണ്ടെങ്കിൽ വിശദീകരണം ചോദിക്കാൻ ഗവർണർക്ക് അധികാരമുണ്ട്. എന്നാൽ, പ്രതിപക്ഷം എതിർത്തതിനാൽ ബില്ലുകൾ തിരിച്ചയക്കുന്നത് ശരിയായ നടപടിയല്ല. കാലാകാലങ്ങളിൽ നിയമം ഭേദഗതി ചെയ്യാൻ ഭരണഘടന തന്നെ അവസരം നൽകിയിട്ടുണ്ട്.
ജനപ്രതിനിധികൾ, ഭൂരിപക്ഷ സർക്കാർ നിയമം ഉണ്ടാക്കുന്നു. അത് കീഴ്സഭയിൽ ചർച്ച ചെയ്യുകയും ഉപരിസഭയിൽ അംഗീകരിക്കുകയും വേണം. ഗവർണറുടെ അനുമതിയോടെ അംഗീകാരം നൽകണമെന്നും അതിനുശേഷം നിയമം നിലവിൽവരണമെന്നുമാണ് ഉത്തരവ്. അതിൽ ഇടപെടുന്നത് ന്യായമല്ല. ഇത് യൂനിയൻ സംവിധാനത്തെ ബാധിക്കും. പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്നും യോഗം ആരോപിച്ചു.
കേരളത്തിലും മഹാരാഷ്ട്രയിലും പഞ്ചാബിലും ഗവർണർമാർ സമാനമായ നയമാണ് പിന്തുടരുന്നത്. അതിനാൽ ബില്ലുകൾ പാസാക്കാൻ അവർക്ക് സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തേണ്ടിവന്നു. എല്ലാ തീരുമാനങ്ങളും നിയമസഭയിൽ തന്നെ എടുക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. അതിനാൽ കർണാടക ഗവർണർ അദ്ദേഹത്തിന്റെ തീരുമാനങ്ങൾ പുനഃപരിശോധിക്കണം. ഭരണഘടനയുടെ സംരക്ഷകരെന്ന നിലയിൽ ഗവർണർ പക്ഷപാതപരമായ മനോഭാവം പിന്തുടരരുത്. സുഗമമായ ഭരണം സാധ്യമാക്കുന്നതിന് ഇരുസഭകളിലും ബില്ലുകൾ പാസാക്കിയ ശേഷം ഗവർണർ ഒപ്പിടണമെന്നും അല്ലാത്തപക്ഷം ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി നിയമപോരാട്ടം തന്നെ നടത്തേണ്ടി വരുമെന്നും കോൺഗ്രസ് എം.എൽ.എമാർ മുന്നറിയിപ്പ് നൽകി.
സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഹൈക്കമാൻഡുമായി ചർച്ചക്ക് വെള്ളിയാഴ്ച വൈകീട്ട് ഡൽഹിയിലെത്തി.
മൈസൂരു നഗര വികസന അതോറിറ്ററി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പ്രതിപക്ഷം അഴിമതി ആരോപണമുയർത്തുകയും ഗവർണർ താവർചന്ദ് ഗഹ് ലോട്ട് വിചാരണ അനുമതി നൽകുകയും ചെയ്ത സാഹചര്യത്തിൽ ഭാവി പരിപാടികൾ സംബന്ധിച്ച ചർച്ചക്കായാണ് ഇരുവരും ഡൽഹിയിലെത്തിയത്.
സിദ്ധരാമയ്യക്ക് കോൺഗ്രസ് നേതൃത്വവും സംസ്ഥാനത്തെ ഭരണപക്ഷ എം.എൽ.എമാരും ഒറ്റക്കെട്ടായി ഐക്യദാർഢ്യം അറിയിച്ചിരുന്നു. വിഷയം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച വിളിച്ചുചേർത്ത കോൺഗ്രസ് നിയമസഭ കക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷമാണ് ഇരുവരും ഡൽഹിയിലേക്ക് പറന്നത്.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ രൺദീപ് സിങ് സുർജേവാല, കെ.സി. വേണുഗോപാൽ എന്നിവർ ഡൽഹിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തു.
കോൺഗ്രസ് സർക്കാറിനെ വീഴ്ത്താൻ ഗൂഢാലോചന -മുഖ്യമന്ത്രി
ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വെള്ളിയാഴ്ച വിധാൻ സൗധയിൽ വിളിച്ചുചേർത്ത കോൺഗ്രസ് നിയമസഭ കക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ രൂപവത്കരിച്ച് ആറുമാസം പിന്നിടും മുമ്പേ പാർട്ടി എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ ശ്രമം നടന്നതായും ഇക്കാര്യത്തിനായി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി ചർച്ച നടത്തിയതായും സിദ്ധരാമയ്യ ആരോപിച്ചു. ഞങ്ങളുടെ എം.എൽ.എമാർ ഒറ്റക്കെട്ടാണ്. പ്രതിപക്ഷത്തിന് സർക്കാറിനെ വീഴ്ത്താനാവില്ല. ഗൂഢാലോചനയിൽ കർണാടക ബി.ജെ.പിയും ജെ.ഡി-എസും കൈകോർത്തിരിക്കുകയാണ്. ഒരു കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷും കർണാടക സർക്കാറിനെ വീഴ്ത്താൻ സജീവമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. മുൻ പ്രധാനമന്ത്രിയും ജെ.ഡി-എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയും മകൻ എച്ച്.ഡി. കുമാരസ്വാമിയും ബി.ജെ.പി കേന്ദ്ര നേതാക്കളുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയിട്ടുണ്ട്. എന്നാൽ, സർക്കാറിന് ഒന്നും സംഭവിക്കില്ല. നമുക്ക് ഒരുമിച്ച് നിൽക്കണമെന്നും സിദ്ധരാമയ്യ കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.