രാജ്ഭവൻ ചലോ മാർച്ചുമായി കോൺഗ്രസ്
text_fieldsബംഗളൂരു: മുഡ അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ അനുമതി നൽകിയ ഗവർണർ താവർ ചന്ദ് ഗഹ് ലോട്ടിന്റെ നടപടിക്കെതിരെ കോൺഗ്രസ് ‘രാജ്ഭവൻ ചലോ’ മാർച്ച് നടത്തി.
ശനിയാഴ്ച രാവിലെ നടന്ന മാർച്ചിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര, നിയമമന്ത്രി എച്ച്.കെ. പാട്ടീൽ, മറ്റു മന്ത്രിമാർ, എം.എൽ.എമാർ, എം.എൽ.സിമാർ തുടങ്ങിയവർ പങ്കെടുത്തു. ഗവർണർക്കെതിരായ മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായായിരുന്നു പ്രതിഷേധം. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരായ കേസുകളിലും ബി.ജെ.പി മന്ത്രിമാരായിരുന്ന ഗാലി ജനാർദന റെഡ്ഡി, മുരുകേഷ് നിറാനി, ശശികല ജോലെ എന്നിവരുമായി ബന്ധപ്പെട്ട വിവിധ അഴിമതി കേസുകളിലും വിചാരണ അനുമതി നൽകാത്ത ഗവർണർ മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ മാത്രം പെട്ടെന്ന് നടപടി സ്വീകരിച്ചത് ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
വിധാൻ സൗധ പരിസരത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് അംബേദ്കർ വീഥിയിലൂടെ കടന്ന് രാജ്ഭവൻ പരിസരത്ത് സമാപിച്ചു. തുടർന്ന് കോൺഗ്രസ് നേതാക്കൾ ഗവർണറെ കണ്ട് നിവേദനം കൈമാറി. ഇരുമ്പയിര് ഖനന അഴിമതിയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയെ വിചാരണ ചെയ്യാൻ അനുമതി തേടി 2023 നവംബറിൽ ഗവർണറെ ലോകായുക്ത സമീപിച്ചിരുന്നു.
ആയിരക്കണക്കിന് കോടികളുടെ അഴിമതിയാണ് നടന്നതെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടിയിട്ടും ഗവർണർ നടപടി സ്വീകരിച്ചില്ലെന്നാണ് കോൺഗ്രസ് ആരോപണം. മുൻ ബി.ജെ.പി മന്ത്രി മുരുകേഷ് നിറാനിക്കെതിരെ വിചാരണക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ ലോകായുക്ത നൽകിയ കത്തിലും മുൻ ബി.ജെ.പി മന്ത്രിമാരായ ഗാലി ജനാർദന റെഡ്ഡി, ശശികല ജോലെ എന്നിവർക്കെതിരായ കത്തിലും ഗവർണർ നടപടിയെടുത്തിട്ടില്ല.
2021 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച പൊതുമാർഗ രേഖ (എസ്.ഒ.പി) പ്രകാരം മുഖ്യമന്ത്രിക്കെതിരായ ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്നും ഗവർണറുടെ ധിറുതിപിടിച്ച നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.
ഗവർണർ നീതിപൂർവം പ്രവർത്തിക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതായി രാജ്ഭവന് മുന്നിൽ മാധ്യമപ്രവർത്തകരോട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. എച്ച്.ഡി. കുമാരസ്വാമിയുടെ കേസിന്റെ കാര്യത്തിൽ മുഴുവൻ അന്വേഷണവും പൂർത്തിയായതാണ്.
വിചാരണ അനുമതി നൽകുകയും നിയമപ്രകാരം തുടർ നടപടി സ്വീകരിക്കുകയുമാണ് വേണ്ടത്. ഗവർണർ അതിന് അനുമതി നൽകേണ്ടതുണ്ട്. അദ്ദേഹത്തിനുമേൽ എത്രതന്നെ സമ്മർദങ്ങളുണ്ടെങ്കിലും അദ്ദേഹം സാമാന്യ മര്യാദവെച്ച് അതിൽ നടപടി സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു - ശിവകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.