‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ’; ബെളഗാവിയിൽ കോൺഗ്രസ് മെഗാ കൺവെൻഷൻ ഇന്ന്
text_fieldsബംഗളൂരു: ഗാന്ധിയൻ, അംബേദ്കർ ആശയങ്ങളെയും ഇന്ത്യൻ ഭരണഘടനയെയും ഉയർത്തിപ്പിടിക്കുകയെന്ന ആഹ്വാനവുമായി എ.ഐ.സി.സി സംഘടിപ്പിക്കുന്ന മെഗാ കൺവെൻഷൻ ചൊവ്വാഴ്ച വടക്കൻ കർണാടകയിലെ ബെളഗാവിയിൽ നടക്കും.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അധ്യക്ഷത വഹിച്ച ഏക എ.ഐ.സി.സി യോഗം ബെളഗാവിയിൽ നടന്നതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ’ എന്ന മുദ്രാവാക്യവുമായി കൺവെൻഷൻ സംഘടിപ്പിക്കുന്നത്. സുവർണ സൗധ പരിസരത്ത് രാവിലെ 10.45ന് നടക്കുന്ന ചടങ്ങിൽ മഹാത്മാഗാന്ധിയുടെ പ്രതിമ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ അനാച്ഛാദനം ചെയ്യും.
മഹാറാലിക്ക് ശേഷം ഉച്ചക്ക് 12.30ന് ബെളഗാവി സി.പി.ഇ.ഡി മൈതാനത്ത് പൊതുസമ്മേളനം നടക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ രൺദീപ് സിങ് സുർജെവാല, കെ.സി. വേണുഗോപാൽ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയ ദേശീയ-സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
1924ൽ മഹാത്മാഗാന്ധിയുടെ അധ്യക്ഷതയിൽ അന്നത്തെ ബെൽഗാമിൽ (നിലവിൽ ബെളഗാവി) ചേർന്ന 39ാമത് എ.ഐ.സി.സി യോഗം ചരിത്രത്തിൽ ഇടം നേടിയിരുന്നു.
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം ശക്തമാക്കാനും ഖാദി വസ്ത്ര പ്രചാരണത്തിനുമുള്ള ആഹ്വാനമായിരുന്നു ഗാന്ധിജി അധ്യക്ഷത വഹിച്ച ഏക എ.ഐ.സി.സി യോഗം നടത്തിയത്. കർണാടകയിൽ 120 സ്ഥലങ്ങൾ ഗാന്ധിജി സന്ദർശിച്ചിരുന്നു. ഇതിന്റെ ഓർമക്കായി തിരഞ്ഞെടുക്കപ്പെടുന്ന 40 കേന്ദ്രങ്ങളിൽ സ്മാരകങ്ങൾ പണിയാൻ സംസ്ഥാന സർക്കാർ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ കൺവെൻഷൻ മുഴുവൻ രാജ്യത്തിനും വലിയ സന്ദേശം നൽകുന്നതാണെന്ന് മുന്നൊരുക്കം വിലയിരുത്തിയ ശേഷം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബെളഗാവിയിലൂടെ രാജ്യത്തിന് ഒരു പുതിയ സന്ദേശം ലഭിക്കും. ഗാന്ധിയുടെ ചരിത്രം കോൺഗ്രസിന്റെ ചരിത്രമാണ്. കോൺഗ്രസിന്റെ ചരിത്രം രാജ്യത്തിന്റെ ചരിത്രമാണ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ എല്ലാ വിഭാഗങ്ങളും അധികാരത്തിൽ വരും. രാജ്യത്തിനുവേണ്ടി ഗാന്ധിജിയുടെ ആദർശമാണ് ഞങ്ങൾ വിഭാവനം ചെയ്യുന്നത്. രാജ്യത്തിന് അദ്ദേഹം നൽകിയ അടിത്തറയെക്കുറിച്ചാണ് സമ്മേളനം ചർച്ച ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബർ 27ന് നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മരണത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.