മന്ത്രിമാർക്കെതിരെ പരാതിയുമായി കോൺഗ്രസ് എം.എൽ.എമാർ; കത്തയച്ചില്ലെന്ന് പിന്നീട് തിരുത്ത്
text_fieldsബംഗളൂരു: കർണാടകയിൽ മന്ത്രിമാർക്കെതിരെ പരാതിയുമായി കോൺഗ്രസ് എം.എൽ.എമാർ. 11 കോൺഗ്രസ് എം.എൽ.എമാരാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചത്. എന്നാൽ, ഇത്തരത്തിൽ തങ്ങൾ കത്ത് നൽകിയിട്ടില്ലെന്നും അത് ബി.ജെ.പിയുടെ സൃഷ്ടിയാണെന്നും മണിക്കൂറുകൾക്ക് ശേഷം എം.എൽ.എമാർ തിരുത്തുകയും ചെയ്തു.
കലബുറഗി ജില്ലയിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എ ബി.ആർ. പാട്ടീലും മറ്റ് 10 പേരുമാണ് സിദ്ധരാമയ്യക്ക് കത്ത് അയച്ചത്.മന്ത്രിമാരുടെ നിസ്സഹകരണം മൂലം ജനാഭിലാഷത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്നായിരുന്നു പരാതി. മന്ത്രിമാരെ ബന്ധപ്പെടണമെങ്കിൽ ഇടനിലക്കാർ വേണമെന്നും കത്തിൽ ആരോപിക്കുന്നുണ്ട്.ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മന്ത്രിമാർ സഹകരിക്കുന്നില്ലെന്നും കത്തിലുണ്ട്.
ബി.ആർ. പാട്ടീൽ എം.എൽ.എയുടെ ഔദ്യോഗിക ലെറ്റർ പാഡിലാണ് കത്തയച്ചത്. എന്നാൽ, തന്റെ ലെറ്റർ പാഡ് വ്യാജമായി നിർമിച്ചിരിക്കുകയാണെന്നും സീരിയൽ നമ്പർ നോക്കിയാൽ ഇത് അറിയാമെന്നും സംഭവത്തിന് പിന്നിൽ ബി.ജെ.പി ആണെന്നും പിന്നീട് പാട്ടീൽ തിരുത്തി. സംഭവത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ഒരു കത്ത് മുഖ്യമന്ത്രിക്ക് കിട്ടിയിട്ടില്ലെന്നും എല്ലാം ബി.ജെ.പിയുടെ കളിയാണെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.