മുഖ്യമന്ത്രിമാരെ താഴെയിറക്കാനും അറിയാം... രാഷ്ട്രീയ ചർച്ചക്കിടയാക്കി കോൺഗ്രസ് എം.എൽ.എയുടെ പ്രസംഗം
text_fieldsബംഗളൂരു: മുഖ്യമന്ത്രിമാരെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാൻ അറിയുമെന്നതുപോലെ തന്നെ അവരെ ആ കസേരയിൽനിന്ന് താഴെയിറക്കാനും അറിയാമെന്ന് കോൺഗ്രസ് എം.എൽ.എ ബി.കെ. ഹരിപ്രസാദ്. വെള്ളിയാഴ്ച ബംഗളൂരുവിൽ നടന്ന പരിപാടിയിൽ എം.എൽ.എ നടത്തിയ പരാമർശം ഏറെ രാഷ്ട്രീയ ദുരൂഹതകൾക്കും സംശയങ്ങൾക്കും ഇടവരുത്തിയിരിക്കുകയാണ്. നഗരത്തിൽ ബില്ലാവ, നംധാരി, ധീവര സമുദായങ്ങൾ സംയുക്തമായി നടത്തിയ കൺവെൻഷനിലാണ് കോൺഗ്രസിന്റെ പ്രധാന എം.എൽ.എ തന്നെ ഏറെ ചർച്ചക്കിടയാക്കിയ പരാമർശങ്ങൾ നടത്തിയത്. ഇതിന്റെ വിഡിയോ അതിവേഗം വൈറലായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ദയനീയ പരാജയം നൽകി കോൺഗ്രസ് സർക്കാർ അധികാരത്തിലേറിയിരുന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു. ഏറെ അനിശ്ചിതത്വങ്ങൾക്കു ശേഷമായിരുന്നു സിദ്ധരാമയ്യ മുഖ്യമന്ത്രിയായത്.
മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ച എം.എൽ.എയാണ് ഹരിപ്രസാദ്. എന്നാൽ, അദ്ദേഹത്തെ പരിഗണിച്ചില്ല. ഇതിൽ അദ്ദേഹം അസന്തുഷ്ടനാണ്. ഇതടക്കമുള്ള കാരണങ്ങളാലുള്ള തന്റെ അതൃപ്തിയാണ് പുതിയ പ്രസ്താവനയിലൂടെ ഹരിപ്രസാദ് പരസ്യമാക്കിയിരിക്കുന്നത്. സിദ്ധരാമയ്യക്കെതിരായ ആക്രമണം കൂടിയാണ് വിവാദ പ്രസ്താവന.
‘‘എന്നെ മന്ത്രിയാക്കിയോ ഇല്ലയോ എന്നത് വേറെ കാര്യമാണ്. എന്നാൽ, അഞ്ചിലധികം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തീരുമാനിച്ചതിൽ നിർണായക പങ്കുവഹിച്ചയാളാണ് ഞാൻ. അതിനാൽ തന്നെ ഇവരെയൊക്കെ എങ്ങിനെ താഴെയിറക്കണമെന്നും എനിക്കറിയാം...’’ ഇങ്ങനെയായിരുന്നു ഹരിപ്രസാദിന്റെ വിവാദ പ്രസംഗത്തിലെ ഭാഗങ്ങൾ.
സിദ്ധരാമയ്യ പിന്നാക്ക വിഭാഗത്തിലുൾപ്പെട്ടയാളാണെന്ന് ജനം പറയും. എല്ലാവരും ഒരുമിച്ചുനിൽക്കുകയാണ് വേണ്ടത്. കർക്കളയിലെ കോട്ടി ചെന്നൈയ്യ തീം പാർക്കിനായി അഞ്ചുകോടി രൂപ അനുവദിക്കണമെന്നു മാത്രമാണ് താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. എന്നാൽ, ഇതുവരെ തുക ലഭ്യമായിട്ടില്ല. തന്നെ രാഷ്ട്രീയമായി സഹായിക്കാനുള്ള കഴിവ് സിദ്ധരാമയ്യക്കില്ല. വിരോധാഭാസമെന്ന് പറയട്ടെ, തനിക്ക് സിദ്ധരാമയ്യയെ സഹായിക്കാനാകുമെന്നും ഹരിപ്രസാദ് തന്റെ പ്രസംഗത്തിൽ പറയുന്നു.
2023 നിയമസഭ തെരഞ്ഞെടുപ്പിൽ ഈ സമുദായങ്ങൾക്കാണ് മംഗളൂരു നോർത്ത്, സൗത്ത്, കുംത സീറ്റുകൾ ലഭിച്ചത്. ന്യൂനപക്ഷ നേതാക്കൾക്ക് സീറ്റ് നൽകുന്നതിലാണ് കോൺഗ്രസ് നേതൃത്വം മുൻഗണന കാട്ടിയത്. എന്നാൽ, ന്യൂനപക്ഷങ്ങളുമായി ഏറ്റുമുട്ടലിന് ഒരുങ്ങരുതെന്ന് തന്റെ സമുദായാംഗങ്ങളോട് താൻ പറഞ്ഞിട്ടുണ്ടെന്നും ഹരിപ്രസാദ് ബംഗളൂരുവിലെ പ്രസംഗത്തിൽ പറയുന്നുണ്ട്. എന്നാൽ, തന്റെ പ്രസംഗത്തെ കുറിച്ച് ശനിയാഴ്ച മാധ്യമങ്ങളോട് അദ്ദേഹം അഭിപ്രായം പറഞ്ഞില്ല. താൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.