തീരദേശ മേഖലക്കായി പത്തിന പ്രകടനപത്രികയുമായി കോൺഗ്രസ്
text_fieldsബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിലെ തീരദേശ മേഖലക്കായി പത്തിന പ്രകടനപത്രികയുമായി കോൺഗ്രസ്. തൊഴിൽ സൃഷ്ടിക്കൽ, നിക്ഷേപം ആകർഷിക്കൽ, വിനോദസഞ്ചാര മേഖലയുടെ വികസനം, സമൂഹത്തിൽ സാഹോദര്യം ഉണ്ടാക്കൽ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് പത്രിക.
ഞായറാഴ്ച രാത്രി കരവാലി ഉത്സവ് ഗ്രൗണ്ടിൽ നടന്ന പ്രജധ്വനി യാത്രയിലാണ് നിയമസഭ കൗൺസിൽ പ്രതിപക്ഷ നേതാവ് ബി.കെ. ഹരിപ്രസാദ് പ്രകടനപത്രിക പുറത്തിറക്കിയത്. കരവാലിക്കായി (തീരദേശ മേഖല) പ്രത്യേക വികസന അതോറിറ്റി രൂപവത്കരിക്കുമെന്നും ഇതിനായി 2500 കോടി വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം മേയിലാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പ്. കോൺഗ്രസ് വാഗ്ദാനങ്ങൾ നൽകുക മാത്രമല്ല, അത് നടപ്പാക്കുമെന്നും അതിന് ഫണ്ട് വകയിരുത്താൻ അറിയാമെന്നും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ചടങ്ങിൽ പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും പേരിൽ ജനങ്ങളെ വിഭജിക്കുകയാണ് ബി.ജെ.പി സർക്കാർ ചെയ്യുന്നത്. കള്ളം പറഞ്ഞ് ജനങ്ങളെ ബി.ജെ.പി മയക്കിക്കിടത്തുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ബി.ജെ.പിക്ക് സാധിച്ചിട്ടില്ലെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ കുറ്റപ്പെടുത്തി. വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. തീരദേശ മേഖലയെ വർഗീയതയുടെ ഫാക്ടറിയാക്കി ബി.ജെ.പി മാറ്റിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാല പറഞ്ഞു. അവരുടെ തെറ്റായ നടപടികൾക്ക് പറ്റിയ ഉത്തരം നൽകാനുള്ള സന്ദർഭമാണ് തെരഞ്ഞെടുപ്പ്. നമ്മൾ വിലക്കയറ്റത്തെപ്പറ്റി സംസാരിക്കുമ്പോൾ ബി.ജെ.പി ഹിന്ദുക്കളും മുസ്ലിംകളും എന്നാണ് പറയുന്നത്. നമ്മൾ ജനങ്ങളെ ഒന്നിപ്പിക്കുമ്പോൾ അവർ പരസ്പരം അകറ്റുന്നു. പ്രകടനപത്രിക കമ്മിറ്റി പ്രസിഡന്റ് ജി. പരമേശ്വരയും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.