കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ബെളഗാവിയില്‍ 26ന്
text_fieldsബംഗളൂരു: മഹാത്മാ ഗാന്ധിയുടെ അധ്യക്ഷതയിൽ ബെളഗാവിയില്‍ നടന്ന എ.ഐ.സി.സിയുടെ 39ാം സമ്മേളനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഡിസംബര്‍ 26ന് ബെളഗാവിയില്‍ ചേരും. മഹാത്മാ ഗാന്ധി അധ്യക്ഷത വഹിച്ച യോഗത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളുടെ മുന്നൊരുക്കങ്ങള്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. ശതാബ്ദിയുടെ ഭാഗമായി ബെളഗാവിയിലെ സുവർണ വിധാൻ സൗധക്ക് മുന്നിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കും.
26ന് വൈകീട്ട് മൂന്നിന് ചേരുന്ന യോഗത്തില്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, സ്ഥിരം ക്ഷണിതാക്കള്‍, പ്രത്യേക ക്ഷണിതാക്കള്‍, സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാര്, നിയമസഭ കക്ഷി നേതാക്കള്‍, പാര്‍ലമെന്ററി പാർട്ടി ഭാരവാഹികൾ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കും. മഹാത്മാ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനായതിന്റെ 100ാം വാര്‍ഷികം ആഘോഷിക്കുന്നത് ഓരോ കോണ്‍ഗ്രസുകാരനും അഭിമാനകരമാണെന്നും ദേശീയ രാഷ്ട്രീയത്തിനും കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടങ്ങള്‍ക്കും പുതിയ വഴിത്തിരിവ് നല്കുന്ന യോഗമായിരിക്കും ബെളഗാവിയിലേതെന്നും വേണുഗോപാല്‍ പറഞ്ഞു. 27ന് ലക്ഷക്കണക്കിന് പേര് പങ്കെടുക്കുന്ന മഹാറാലിയും സംഘടിപ്പിക്കും.
മുന്നൊരുക്കങ്ങൾ വിലയിരുത്തുന്ന യോഗത്തിൽ കർണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല, ട്രഷറര്‍ അജയ് മാക്കന്, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, മന്ത്രിമാരായ എച്ച്.കെ. പാട്ടീല്‍, സതീഷ് ജാര്‍ക്കിഹോളി, ലക്ഷ്മി ഹെബ്ബാള്‍ക്കര്‍, മറ്റു നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്നത് രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ -കെ.സി. വേണുഗോപാല്‍
ബംഗളൂരു: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് തെരഞ്ഞെടുപ്പില്ലാത്ത രാജ്യമായി ഇന്ത്യയെ മാറ്റാനുള്ള ശ്രമമാണെന്ന് കെ.സി. വേണുഗോപാല്‍ എം.പി. ഇതാണ് ബി.ജെ.പിയുടെ പ്രധാന അജണ്ട. അവര്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ താൽപര്യമില്ല. ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കാനാണ് ഇത്തരമൊരു ആശയം കൊണ്ടുവരുന്നത്.
കര്‍ണാടക, കേരളം, മണിപ്പൂര്‍, ജമ്മു -കശ്മീര്‍ തുടങ്ങി ഓരോ സംസ്ഥാനത്തിനും അതിന്റേതായ പ്രത്യേകതയുണ്ട്. നാനാത്വത്തില്‍ ഏകത്വമാണ് ഈ രാജ്യത്തിന്റെ ശക്തി. എന്നാല്‍, ജനാധിപത്യത്തിലും വൈവിധ്യത്തിലും ബി.ജെ.പി വിശ്വസിക്കുന്നില്ല. ഈ പ്രക്രിയ നടപ്പാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബെളഗാവിയിൽ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.