കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ദേശവിരുദ്ധം -ബി.ജെ.പി
text_fieldsബംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ദേശവിരുദ്ധമാണെന്ന് ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടിവ് യോഗം. സമൂഹത്തെ ഭിന്നിപ്പിക്കുകയും ദേശവിരുദ്ധ ചിന്ത ഉണ്ടാക്കുകയും ചെയ്യുന്നതാണ് യാത്രയെന്നും യോഗം കുറ്റപ്പെടുത്തി. മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ, സംസ്ഥാന ഭാരവാഹികൾ എന്നിവരടങ്ങുന്ന 500 അംഗങ്ങളാണ് യോഗത്തിൽ പങ്കെടുത്തത്.
നെഹ്റു കശ്മീരിനെ വിഭജിച്ചു. ആ കോൺഗ്രസാണ് ഇപ്പോൾ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന മുദ്രാവാക്യമുയർത്തുന്നതെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷാക്കും യോഗം നന്ദി അറിയിച്ചു. ആറുമാസത്തിന് ശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാനത്ത് 140 മുതൽ 150 സീറ്റുകളിൽ വരെ വിജയിക്കും.
യോഗത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, പക്ഷേ, പ്രതിപക്ഷ കക്ഷിയായ ജെ.ഡി.എസിനെ കുറ്റപ്പെടുത്തിയില്ല. ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും തുല്യതക്കും പ്രാധാന്യം നൽകിയുള്ള ഭരണത്തിനാണ് ബി.ജെ.പി ഊന്നൽ നൽകുന്നത്. എല്ലാവരെയും തുല്യതയോടെ കാണുന്ന ഭരണമാണ് സംസ്ഥാന സർക്കാറിന്റേത്. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി നടത്തുന്ന വിമർശനത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്. 70 വർഷം രാജ്യം ഭരിച്ചവരുടെ രാഷ്ട്രീയനാടകങ്ങൾ ജനം മറക്കാൻ സമയമായിട്ടില്ല.
പ്രാദേശിക കക്ഷികളിലും ജനത്തിന് വിശ്വാസം നഷ്ടപ്പെട്ടു. ബി.ജെ.പി 18 സംസ്ഥാനങ്ങൾ ഭരിക്കുന്നത് ഭരണനേട്ടം കൊണ്ടാണെന്നും ബൊമ്മൈ പറഞ്ഞു. നേരിട്ടുള്ള വിദേശനിക്ഷേപ സമാഹരണത്തിൽ 38 ശതമാനത്തോടെ രാജ്യത്ത് മുൻപന്തിയിലാണ് കർണാടക. ബംഗളൂരു വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 10ന് ഉദ്ഘാടനം ചെയ്യും. കെംപെഗൗഡയുടെ കൂറ്റൻ പ്രതിമ അനാച്ഛാദനം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലസ് ഗ്രൗണ്ടിൽ നടന്ന സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിൽ കർണാടകയുടെ ചുമതലയുള്ള അരുൺസിങ്, സംസ്ഥാന അധ്യക്ഷൻ നളീൻ കുമാർ കട്ടീൽ, കേന്ദ്രമന്ത്രിമാരായ പ്രൾഹാദ് ജോഷി, ശോഭ കരന്ത്ലജെ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.