കരാർ സംവരണം: ബിൽ നിയമസഭയിൽ
text_fieldsകെ.ടി.പി.പി ബിൽ നിയമ, പാർലമെന്ററി കാര്യമന്ത്രി എച്ച്.കെ. പാട്ടീൽ നിയമസഭയിൽ അവതരിപ്പിക്കുന്നു
ബംഗളൂരു: പൊതു കരാറുകളിൽ മുസ്ലിംകൾക്ക് നാലുശതമാനം സംവരണം ഏർപ്പെടുത്തുന്ന ബിൽ കർണാടക സർക്കാർ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിച്ചു. ‘കർണാടക ട്രാൻസ്പെരൻസി ഇൻ പബ്ലിക് പ്രൊക്യുർമെന്റ് ബിൽ 2025’ നിയമ, പാർലമെന്ററി കാര്യമന്ത്രി എച്ച്.കെ. പാട്ടീൽ ചൊവ്വാഴ്ച അവതരിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെ.ടി.പി.പി നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്. 1999ലെ കെ.ടി.പി.പി ആക്ടിലാണ് ഭേദഗതി വരുത്തിയത്.
രണ്ടുകോടി രൂപവരെ വിലവരുന്ന സിവിൽ വർക്കുകളിലും ഒരു കോടി രൂപവരെയുള്ള ചരക്ക്/സേവന കരാറുകളിലും മുസ്ലിംകൾക്ക് നാലുശതമാനം സംവരണം ചെയ്യുന്നതാണ് പ്രസ്തുത ബിൽ. മാർച്ച് ഏഴിന് അവതരിപ്പിച്ച 2025-26 ബജറ്റിലായിരുന്നു ഇതു സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപനം നടത്തിയത്.
നിലവിൽ, കർണാടക സിവിൽ വർക്കുകളിലെ കരാറുകളിൽ പട്ടികജാതി (എസ്.സി), പട്ടികവർഗ (എസ്.ടി) വിഭാഗങ്ങൾക്ക് 24 ശതമാനവും ഒ.ബി.സി വിഭാഗത്തിലെ ഒന്നാം കാറ്റഗറിയിൽ ഉൾപ്പെടുന്നവർക്ക് നാലു ശതമാനവും ഒ.ബി.സി കാറ്റഗറി രണ്ട് എ വിഭാഗത്തിലുള്ളവർക്ക് 15 ശതമാനവും സംവരണം നൽകുന്നുണ്ട്. ഒ.ബി.സിയിലെ രണ്ട് ബി കാറ്റഗറിയിൽ ഉൾപ്പെടുന്ന മുസ്ലിം വിഭാഗത്തിന് നാല് ശതമാനം സംവരണം വേണമെന്ന് ആവശ്യമുയർന്നിരുന്നു.
പിന്നാക്ക വിഭാഗത്തിലെ തൊഴിലില്ലായ്മ പരിഹരിക്കാനും സർക്കാർ കരാർ ജോലികളിൽ പിന്നാക്ക വർഗ പ്രാതിനിധ്യം ഉറപ്പുവരുത്താനും ഈ ഭേദഗതി ഗുണം ചെയ്യുമെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ. കെ.ടി.പി.പി ആക്ട് ഭേദഗതി പ്രകാരം കാറ്റഗറി ഒന്ന്, കാറ്റഗറി രണ്ട് എ, കാറ്റഗറി രണ്ട് ബി വിഭാഗങ്ങൾക്ക് രണ്ടുകോടി വരെയുള്ള കരാറുകളിലും ചരക്കു-സേവന വിതരണത്തിൽ ഒരുകോടി വരെയുള്ള കരാറുകളിലും നാലുശതമാനം സംവരണം ലഭിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.