കരാറുകാരനെ ഹണിട്രാപ്പിൽ കുടുക്കിയ സംഭവം: മൂന്നുപേർ അറസ്റ്റിൽ
text_fields'ബംഗളൂരു: വയനാട് സ്വദേശിയായ കരാറുകാരനെ ഹണി ട്രാപ്പിൽ കുടുക്കി 5.46 ലക്ഷവും സ്വർണവും തട്ടിയ സംഭവത്തിൽ മൂന്നുപേരെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് കാഞ്ഞിരങ്ങാട് സ്വദേശിയും പൊതുമരാമത്ത് കരാറുകാരനുമായ സണ്ണിയെ (45) ഹണിട്രാപ്പിൽപെടുത്തിയ കേസിൽ ഫസലുല്ല റഹ്മാൻ, റിസ്വാൻ, മോണിക്ക എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാർച്ചിലാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: എച്ച്.ഡി പൈപ്പുകൾ വാങ്ങാൻ ചെന്നൈയിലേക്ക് പോകാൻ സണ്ണി തന്റെ കാറിൽ ഡ്രൈവർ അബ്ദു പാസ്താനൊപ്പം കഴിഞ്ഞ മാർച്ച് 19ന് മൈസൂരു റെയിൽവേ സ്റ്റേഷനിലെത്തി. പാർക്കിങ് സ്ഥലത്ത് കാർ നിർത്തിയിട്ടശേഷം ഇരുവരും ചെന്നൈയിലേക്കു പോയി. മാർച്ച് 21ന് മടങ്ങിയെത്തി. രാവിലെ 6.40ഓടെ മാനന്തവാടി റോഡിലൂടെ പോകവെ പരസയാഹ്ന ഹുണ്ടി ഗേറ്റിനു സമീപത്തുവെച്ച് ബൈക്കുകാരൻ കാറിന്റെ വലതുവശത്ത് വന്നിടിച്ചു. കാർ നിർത്തിയതോടെ മൂന്നുപേർ വളഞ്ഞു. ഇവർ അസഭ്യംവിളിക്കുകയും ഇരുവരെയും മർദിക്കുകയും ചെയ്തു.
പിന്നീട് സണ്ണിയെയും ഡ്രൈവറെയും കാറിന്റെ പിൻസീറ്റിലിരുത്തി ആക്രമികളിലൊരാൾ കാർ മൈസൂരു ശ്രീനഗർ ഭാഗത്തേക്ക് ഓടിച്ചുപോയി. മറ്റുള്ളവർ ബൈക്കിൽ പിന്തുടർന്നു. ഇവിടെ ഒരു മുറിയിൽ ഇരുവരെയും പൂട്ടിയിട്ട ശേഷം ആക്രമികൾ പോയി. പിന്നീട് ഒരു സ്ത്രീയുമായി എത്തി അവരെ നഗ്നയാക്കി ഇരുവർക്കുമൊപ്പം ഫോട്ടോയെടുത്തു. പിന്നീട് പൊലീസ് എസ്.ഐ എന്ന് പരിചയപ്പെടുത്തിയ ആൾ മുറിയിലെത്തി. ഫോട്ടോകൾ പുറത്തുവിടാതിരിക്കാൻ 10 ലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ അഞ്ചു ലക്ഷം നൽകാമെന്ന് സമ്മതിച്ചു. അയാൾക്ക് നെറ്റ് ബാങ്കിങ് മുഖേന സണ്ണി 1.7 ലക്ഷം അപ്പോൾ അയച്ചുനൽകി. പിന്നീട് തന്റെ സുഹൃത്തുക്കളെ വിളിച്ച് 3.30 ലക്ഷം രൂപകൂടി ഓൺലൈനായി സംഘടിപ്പിച്ചുനൽകി. വൈകീട്ട് അഞ്ചുവരെ മുറിയിൽത്തന്നെ ഇരുത്തി. ശേഷം ആക്രമികൾ കാറിൽ ഹുൻസൂർ ഭാഗത്ത് കൊണ്ടുവിട്ടു. മൊബൈൽഫോണും തിരിച്ചുനൽകി. സണ്ണിയുടെ സ്വർണമോതിരം, പഴ്സിലുണ്ടായിരുന്ന 46,000 രൂപ എന്നിവ ആക്രമികൾ എടുത്തശേഷം 1000 രൂപ ഡീസൽ അടിക്കാൻ തിരികെ നൽകി.
മാർച്ച് 22ന് പുലർച്ച നാട്ടിലെത്തിയ സണ്ണിയും ഡ്രൈവറും കൽപറ്റ ഗവ. ആശുപത്രിയിൽ ചികിത്സ തേടി. തിരുനെല്ലി പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. കേസ് രജിസ്റ്റർ ചെയ്ത തിരുനെല്ലി പൊലീസ് കുറ്റകൃത്യം നടന്നത് മൈസൂരുവിലായതിനാൽ കർണാടക ഡി.ജി.പിക്ക് കേസ് കൈമാറി. ഡി.ജി.പിയുടെ നിർദേശപ്രകാരം മൈസൂരു റൂറൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ബാങ്ക് അക്കൗണ്ട് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്.
അറസ്റ്റിലായ റിസ്വാൻ മുമ്പ് കേരളത്തിൽ ഒരു ബിസിനസുകാരന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ബിസിനസുകാരനെ കുടകിൽനിന്ന് വിവാഹം കഴിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് മടിക്കേരിയിലെത്തിച്ച് ഹണിട്രാപ്പിൽ കുടുക്കി 10 ലക്ഷം തട്ടിയ സംഭവത്തിൽ ഇയാൾ അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.