മാലൂർ റെസിഡൻഷ്യൽ സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് കക്കൂസ് മാലിന്യം കോരിച്ചു
text_fieldsബംഗളൂരു: കോലാർ ജില്ലയിലെ മാലൂരിൽ പ്രവർത്തിക്കുന്ന റെസിഡൻഷ്യൽ സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് കക്കൂസ് മാലിന്യം കോരിച്ച സംഭവത്തിൽ സാമൂഹിക ക്ഷേമ വകുപ്പ് നടപടിയെടുത്തു. മാലൂർ യെലുവഹള്ളിയിലെ മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പൽ പി. ഭരതമ്മ, വാർഡൻ മഞ്ജുനാഥ്, അധ്യാപകൻ മുനിയപ്പ എന്നിവരെ അടിയന്തരമായി സാമൂഹികക്ഷേമ മന്ത്രി ഡോ. എച്ച്.സി. മഹാദേവപ്പ സസ്പെൻഡ് ചെയ്തു. വിഷയത്തിൽ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികൾക്ക് താമസിച്ച് പഠിക്കാൻ കർണാടക സർക്കാറിന് കീഴിലുള്ളതാണ് മൊറാർജി ദേശായി റെസിഡൻഷ്യൽ സ്കൂളുകൾ.
മാലൂരിൽ നടന്ന സംഭവത്തിന്റെ വിഡിയോ അധ്യാപിക പുറത്തുവിട്ടതോടെയാണ് സംഭവം അറിയുന്നത്. ഏഴു മുതൽ ഒമ്പതു വരെ ക്ലാസുകളിലെ ആറോളം വിദ്യാർഥികളെയാണ് കക്കൂസ് മാലിന്യം കോരാൻ നിയോഗിച്ചത്.
പ്രിൻസിപ്പലിന്റെയും അധ്യാപികയുടെയും സാന്നിധ്യത്തിലായിരുന്നു ഇത്. ഹോസ്റ്റലിൽ കഠിന ശിക്ഷകൾ നൽകാറുണ്ടായിരുന്നെന്നും വിഡിയോയിൽ ചില വിദ്യാർഥികൾ പങ്കുവെക്കുന്നുണ്ട്. ആറു മുതൽ 10 വരെ ക്ലാസുകളിലെ 250ഓളം വിദ്യാർഥികളാണ് സ്കൂളിൽ പഠിക്കുന്നത്.
സംഭവം മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ചർച്ചയായതിനു പിന്നാലെ ജില്ല ബാലക്ഷേമ ഓഫിസർ നാഗരത്ന റെസിഡൻഷ്യൽ സ്കൂൾ സന്ദർശിച്ചു. തുടർന്ന് സാമൂഹികക്ഷേമ വകുപ്പ് ജോയന്റ് ഡയറക്ടർ ആർ. ശ്രീനിവാസിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ജോയന്റ് ഡയറക്ടർ കത്തു നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.