ആസ്താ ട്രെയിനിൽ കയറുന്നത് തടഞ്ഞതിനെച്ചൊല്ലി തർക്കം; കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി; ഒരാൾ അറസ്റ്റിൽ
text_fieldsഹൊസപേട്ട റെയിൽവേ സ്റ്റേഷനിൽ ആസ്താ ട്രെയിനിലുണ്ടായ സംഭവത്തെതുടർന്ന് യാത്രക്കാർ ഇറങ്ങി പ്രതിഷേധിക്കുന്നു
ബംഗളൂരു: അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ച് മടങ്ങിയവർ സഞ്ചരിച്ച ആസ്താ പ്രത്യേക ട്രെയിൻ കത്തിക്കുമെന്ന് നാലംഗ സംഘം ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. വിജയനഗര ജില്ലയിലെ ഹൊസപേട്ട റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാത്രിയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയതെന്ന് പൊലീസ് പറഞ്ഞു. ട്രെയിൻ ഹൊസപേട്ട റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ച് തിരിച്ചുവരുന്നവർ സഞ്ചരിച്ച റിസർവ് ചെയ്ത കോച്ചിൽ ഏതാനും യുവാക്കൾ കയറി.
അവർ ന്യൂനപക്ഷ വിഭാഗക്കാരാണെന്ന് മനസ്സിലാക്കിയ യാത്രക്കാർ കോച്ചിൽ കയറുന്നത് തടഞ്ഞു. ഇതേച്ചൊല്ലിയുള്ള വാക്കേറ്റത്തിനിടെ യുവാക്കൾ ട്രെയിൻ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. തുടർന്ന് റെയിൽവേ പൊലീസ് യുവാക്കളെ ഇറക്കി മറ്റൊരു കോച്ചിൽ കയറ്റി വിട്ടു. ഇതോടെ റിസർവേഷൻ കോച്ചിൽനിന്ന് കൂട്ടത്തോടെ ഇറങ്ങിയ അയോധ്യ യാത്രക്കാർ ഭീഷണി മുഴക്കിയ യുവാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്ലാറ്റ്ഫോമിൽ മുദ്രാവാക്യം മുഴക്കി. വിവരം അറിഞ്ഞ് തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകരും എത്തി പ്രക്ഷോഭം കൊഴുപ്പിച്ചു. മണിക്കൂർ നീണ്ട ഈ പ്രതിഷേധ സമയമത്രയും ട്രെയിൻ പിടിച്ചിട്ടു. വിജയനഗര ജില്ല പൊലീസ് സൂപ്രണ്ട് ബി.എൽ. ശ്രീധരി ബാബു എത്തി യുവാക്കളെ അറസ്റ്റ് ചെയ്യാം എന്ന് ഉറപ്പു നൽകിയതിനെത്തുടർന്ന് യാത്രക്കാർ തിരിച്ചു കയറുകയും ട്രെയിൻ യാത്ര തുടരുകയും ചെയ്തു. യുവാക്കൾ രക്ഷപ്പെട്ടതിനാൽ വ്യാഴാഴ്ച രാത്രി ആരെയും പിടികൂടാനായില്ല. തുടർന്ന്, വെള്ളിയാഴ്ച നടത്തിയ തിരച്ചിലിൽ ഒരാളെ അറസ്റ്റ് ചെയ്തു.
ഉപരിസഭയിൽ ഉന്നയിച്ച് ബി.ജെ.പി; ഗോധ്ര മോഡൽ സാധ്യതയെന്ന് കോൺഗ്രസ്
ബംഗളൂരു: അയോധ്യയിൽനിന്നുള്ള ട്രെയിൻ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവം വെള്ളിയാഴ്ച കർണാടക ലെജിസ്ലേറ്റിവ് കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ നേതാവ് കോട്ട ശ്രീനിവാസ പൂജാരി ഉന്നയിച്ചു. അയോധ്യയിൽനിന്നുള്ള ട്രെയിൻ കത്തിക്കും എന്ന് ഭീഷണിപ്പെടുത്തിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും വിട്ടയച്ചതായി അദ്ദേഹം ആരോപിച്ചു. ‘ഗോധ്ര ട്രെയിൻ കൂട്ടക്കൊല ഓർക്കാൻ ഞാൻ നിർബന്ധിതനാവുകയാണ്. സർക്കാർ മറുപടി പറയണം’-പൂജാരി പറഞ്ഞു. സഭാ നടപടി ക്രമങ്ങൾ പാലിക്കാതെയാണ് വിഷയം അവതരിപ്പിച്ചതെന്ന് പറഞ്ഞ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊരട്ടി നോട്ടീസ് നൽകി ശൂന്യവേളയിൽ അവതരിപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. കർണാടകയിൽ ഗോധ്ര മോഡൽ ആക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്ന് കോൺഗ്രസ് എം.എൽ.സി ബി.കെ. പ്രസാദ് ഉപരിസഭയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.