മൈസൂരുവിൽ പേ ആൻഡ് പാർക്കിങ് സൗകര്യം ഒരുക്കാൻ കോർപറേഷൻ
text_fieldsബംഗളൂരു: മൈസൂരു നഗരത്തിലെ മൂന്ന് പ്രധാന റോഡുകളിൽ പേ ആൻഡ് പാർക്കിങ് സംവിധാനം വരുന്നു. കഴിഞ്ഞ ദിവസം ചേർന്ന മൈസൂരു കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് തീരുമാനം. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പ്രധാനപ്പെട്ട റോഡുകളായ ഡി.ഡി. അരശ് റോഡ്, അശോക റോഡ്, സയ്യാജി റാവു റോഡ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ പേ ആൻഡ് പാർക്കിങ് നടപ്പാക്കുക. രണ്ടാംഘട്ടത്തിൽ വിനോബാ റോഡ്, ഹർഷ റോഡ്, ധന്വന്തരി റോഡ് എന്നിവിടങ്ങളിൽ സംവിധാനം നടപ്പാക്കും. മൂന്നാംഘട്ടത്തിൽ നഗരത്തിലെ മറ്റു പ്രധാന റോഡുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചേക്കും. ആദ്യത്തെ രണ്ടുമണിക്കൂറിന് നിശ്ചിത തുകയും തുടർന്നുള്ള സമയത്തിന് മണിക്കൂർ നിരക്കിലുമാണ് പാർക്കിങ്ങിന് പണം ഈടാക്കുക.
ഇരുചക്രവാഹനങ്ങൾക്ക് ആദ്യത്തെ രണ്ടുമണിക്കൂറിന് 10 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 10 രൂപവെച്ചും ഈടാക്കാനാണ് ആലോചന. കാറുകൾക്ക് ആദ്യത്തെ രണ്ടുമണിക്കൂറിന് 30 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 20 രൂപയുമായിരിക്കും.
പദ്ധതി നടത്തിപ്പ് ഏജൻസിയെ കണ്ടെത്താൻ ടെൻഡർ വിളിക്കും. ഏജൻസിയെ ചുമതലപ്പെടുത്തിയശേഷമേ പാർക്കിങ് നിരക്ക് അന്തിമമായി തീരുമാനിക്കൂ. നഗരത്തിലെ വാഹനപാർക്കിങ് പ്രശ്നത്തിന് പരിഹാരമായി കോർപറേഷൻ ഏറെക്കാലമായി നടപ്പാക്കാൻ ശ്രമിക്കുന്ന പദ്ധതിയാണിത്. മുമ്പ് വ്യാപാരികൾ ചിലരിൽനിന്ന് പദ്ധതിക്കെതിരെ എതിർപ്പുണ്ടായിരുന്നു. കോർപറേഷന് വരുമാനം നേടിത്തരാൻ പേ ആൻഡ് പാർക്കിങ് പദ്ധതി സഹായിക്കുമെന്ന് മേയർ ശിവകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.