കൃഷിമന്ത്രിക്കെതിരായ അഴിമതിയാരോപണം; സി.ഐ.ഡി അന്വേഷിക്കും
text_fieldsബംഗളൂരു: കൃഷിമന്ത്രി ചെലുവരായ സ്വാമിക്കെതിരായ കൈക്കൂലി ആരോപണത്തിൽ സി.ഐ.ഡി അന്വേഷണത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. കഴിഞ്ഞ ദിവസമാണ് മാണ്ഡ്യ ജില്ലയിലെ കൃഷിവകുപ്പിലെ അസി. ഡയറക്ടർമാർ ഗവർണർ തവാർ ചന്ദ് ഗെഹ്ലോട്ടിന് മന്ത്രിക്കെതിരായി പരാതി അയച്ചത്. തങ്ങളിൽനിന്ന് സ്ഥലംമാറ്റത്തിനായി മന്ത്രി ഇടനിലക്കാർ മുഖേന ലക്ഷങ്ങൾ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കത്തിൽ പറയുന്നത്. ആറുമുതൽ എട്ടുലക്ഷം രൂപ വരെ ആവശ്യപ്പെടുന്നുവെന്നതാണ് ആരോപണം. എന്നാൽ, ഈ കത്ത് വ്യാജമാണെന്നാണ് മന്ത്രി പറയുന്നത്. കത്തിനെ പറ്റിയാണ് സി.ഐ.ഡി അന്വേഷിക്കുന്നത്. കത്തിൽ ഒരുദ്യോഗസ്ഥന്റെയും പേരില്ല. ജോയന്റ് അഗ്രികൾച്ചറൽ ഡയറക്ടർ മുഖേന കൃഷിവകുപ്പിലെ ജീവനക്കാരിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും കൈക്കൂലി ആവശ്യപ്പെടുന്നുവെന്നും കത്തിൽ പറയുന്നു. ഇത്തരത്തിലുള്ള പ്രവണത അവസാനിപ്പിക്കാൻ നടപടിയെടുത്തില്ലെങ്കിൽ തങ്ങൾ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും കത്തിൽ ഉദ്യോഗസ്ഥർ ഭീഷണിമുഴക്കുന്നുണ്ട്.
അതേസമയം, കത്ത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് പറഞ്ഞ മന്ത്രി താൻ തന്നെ മുഖ്യമന്ത്രിയോട് ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതായും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ട കാര്യം ചൊവ്വാഴ്ച രാവിലെയാണ് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ അറിയിച്ചത്.
കൃഷിമന്ത്രിക്കെതിരായ കത്തിന് പിന്നിൽ ബി.ജെ.പിയോ അല്ലെങ്കിൽ അവരുടെ ‘സഹോദരനോ’ ആയിരിക്കുമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ബി.ജെ.പി ആയിരിക്കും വ്യാജകത്ത് നിർമിച്ചത്. അല്ലെങ്കിൽ, അവരുടെ ‘സഹോദരൻ’ ആയ ജെ.ഡി.എസ് ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃഷിമന്ത്രി എൻ. ചെലുവരായ സ്വാമിക്കെതിരെ അന്വേഷണം നടത്താൻ ഗവർണർ തവാർ ചന്ദ് ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം ശിപാർശ ചെയ്തിരുന്നു. അന്വേഷണം നടത്തണമെന്ന് ഗവർണർ ചീഫ് സെക്രട്ടറി വന്ദിത ശർമയോട് ഗവർണർ ആവശ്യപ്പെട്ടിരുന്നു. പേര് വെക്കാത്ത കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ മന്ത്രിക്കെതിരെ പരാതിക്കത്ത് അയച്ചതാണ് സംഭവങ്ങളുടെ തുടക്കം. മാണ്ഡ്യ ജില്ലയിലെ കൃഷിവകുപ്പിലെ മാണ്ഡ്യ, മാലവള്ളി, കെ.ആർ പേട്ട്, പാണ്ടവപുര, നാഗമംഗല, ശ്രീരംഗപട്ടണ, മദ്ദൂർ താലൂക്കുകളിലെ ഏഴ് അസി. ഡയറക്ടർമാരാണ് പരാതി ഉന്നയിച്ചത്. പരാതിക്കത്തിൽ പേര് ഇല്ലാത്തതിനാൽ വ്യാജമായി നിർമിച്ചതാണെന്നാണ് കോൺഗ്രസിന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.