യെദിയൂരപ്പക്കും മകൻ വിജയേന്ദ്രക്കുമെതിരായ കേസ്; അന്വേഷണം ഇഴയുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് കോടതി
text_fieldsബംഗളൂരു: ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പ, മകനും ബി.ജെ.പി കർണാടക അധ്യക്ഷനുമായ ബി.വൈ. വിജയേന്ദ്ര എന്നിവർക്കെതിരായ അഴിമതിക്കേസിൽ അന്വേഷണം ഇഴയുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് കോടതി. രണ്ടു വർഷത്തിലേറെയായി അന്വേഷണത്തിലുള്ള കേസിന്റെ വിവരങ്ങൾ അറിയിക്കുന്നതിൽ ലോകായുക്ത പൊലീസ് പരാജയമാണെന്ന് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതി നിരീക്ഷിച്ചു.
ബംഗളൂരു വികസന അതോറിറ്റിയുടെ അപ്പാർട്മെന്റ് നിർമാണവുമായി ബന്ധപ്പെട്ട ടെൻഡറിൽ കടലാസു കമ്പനികളെ ഉൾപ്പെടുത്തി 8.41 കോടി രൂപയുടെ ടെൻഡർ ക്രമക്കേട് നടത്തിയതായാണ് ഇരുവർക്കുമെതിരായ പരാതി. മലയാളി ആക്ടിവിസ്റ്റ് ടി.ജെ. അബ്രഹാമാണ് പരാതിക്കാരൻ. യെദിയൂരപ്പക്കും മകൻ വിജയേന്ദ്രക്കും പുറമെ, ശശിധർ മാറാടി, സഞ്ജയ് ശ്രീ, ചന്ദ്രകാന്ത രാമലിംഗം, എസ്.ടി. സോമശേഖർ, ഡോ. ജി.സി. പ്രകാശ്, കെ. രവി, വിരുപക്ഷപ്പ യമകനമാറാടി എന്നിവർക്കെതിരെയും കേസിൽ അന്വേഷണം നടക്കുന്നുണ്ട്.
കടലാസു കമ്പനികളടക്കം ഉൾപ്പെട്ട ടെൻഡറിൽ കൈക്കൂലി വാങ്ങി രാമലിംഗം കൺസ്ട്രക്ഷൻ കമ്പനിക്ക് അപ്പാർട്മെന്റ് നിർമാണ കരാർ നൽകിയതായാണ് ആക്ഷേപം. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ 2022 സെപ്റ്റംബറിൽ സ്പെഷൽ കോടതി ലോകായുക്ത പൊലീസിനോട് നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.