ബംഗളൂരു; കോവിഡ് നിരീക്ഷണത്തിന് മന്ത്രിസഭ ഉപസമിതി
text_fieldsബംഗളൂരു: സംസ്ഥാനത്തെ കോവിഡ് സാഹചര്യം നിരീക്ഷിക്കാൻ മന്ത്രിസഭ ഉപസമിതി രൂപവത്കരിക്കുന്നു. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ, അദ്ദേഹത്തിന്റെ വസതിയിൽ ചേർന്ന കോവിഡ് 19 സാങ്കേതിക ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിദഗ്ധരെ ഏകോപിപ്പിക്കുകയും അവരുടെ നിർദേശങ്ങൾ നടപ്പാക്കാൻ നടപടിയൊരുക്കുകയുമാണ് മന്ത്രിസഭ ഉപസമിതിയുടെ ചുമതല. കോവിഡ് സാങ്കേതിക ഉപദേശക സമിതിയുമായി നിരന്തരം ബന്ധപ്പെട്ടാണ് മന്ത്രിസഭ ഉപസമിതി പ്രവർത്തിക്കുക.
യോഗത്തിൽ സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് വിശദീകരിച്ചുനൽകി. രോഗം പടരുന്നത് തടയാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ‘ആരും പരിഭ്രാന്തരാകേണ്ട. എന്നാൽ, മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. 60 വയസ്സിന് മുകളിലുള്ളവർ നിർബന്ധമായും മാസ്ക് ധരിക്കണം. കൂടുതൽ ആളുകൾ കൂടുന്നിടത്ത് എല്ലാവരും മാസ്ക് ധരിക്കണം’ -മുഖ്യമന്ത്രി പറഞ്ഞു.
നിലവിൽ കർണാടകയിൽ 92 കോവിഡ് കേസുകളാണുള്ളത്. 72 പേർ ഐസൊലേഷനിൽ കഴിയുകയാണ്. 20 പേർ ആശുപത്രിയിൽ. ഇവരിൽ ഏഴുപേർ മറ്റു പല രോഗങ്ങളുമുള്ളവരാണ്. കോവിഡ് കാരണത്താൽ മാത്രമല്ല ഇവർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. കോവിഡിനൊപ്പം മറ്റു അസുഖങ്ങളുമുണ്ടായിരുന്ന മൂന്നുപേർ ഇതിനകം മരണപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. ഒരാഴ്ചക്കിടെയാണ് ബംഗളൂരുവിൽ മൂന്നു മരണവും 42 പോസിറ്റിവ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.
ബംഗളൂരുവിലെ എല്ലാ സർക്കാർ ആശുപത്രികളിലും പ്രത്യേക കോവിഡ് വാർഡുകൾ സജ്ജീകരിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. രോഗികൾക്കാവശ്യമായ ഉപകരണങ്ങളും മരുന്നുകളും കരുതിവെക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
യോഗത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര, ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു, റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.