ബി.ജെ.പി ഭരണത്തിലെ കോവിഡ് അഴിമതി; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ മന്ത്രിസഭ തീരുമാനം
text_fieldsബംഗളൂരു: കർണാടകയിൽ ബി.ജെ.പി സർക്കാർ ഭരണത്തിൽ കോവിഡിന്റെ മറവിൽ നടന്ന കോടികളുടെ അഴിമതി അന്വേഷണത്തിന് പ്രത്യേക സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കാൻ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.
നിയമ-പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീലാണ് അന്വേഷണത്തെക്കുറിച്ച് അറിയിച്ചത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയെയും മുൻ മന്ത്രി ബി. ശ്രീരാമുലുവിനെയും കുറ്റവിചാരണ ചെയ്യാൻ കോവിഡ് കാല അഴിമതി അന്വേഷിച്ച ജസ്റ്റിസ് മിഖായേൽ ഡി കുൻഹ കമീഷൻ ശിപാർശ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽകൂടിയാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുന്നത്. കർണാടകയിൽ ബി.ജെ.പി സർക്കാർ അധികാരത്തിലിരുന്ന 2019ൽ കോവിഡ് മരുന്നുകളും സാമഗ്രികളും വാങ്ങിയതിലെ അഴിമതി സംബന്ധിച്ചാണ് കമീഷന്റെ കണ്ടെത്തൽ.
ആഭ്യന്തര വിപണിയിൽ സുലഭമായിട്ടും ചൈനയിലെ ഹോങ്കോങ്ങിൽനിന്ന് പി.പി.ഇ കിറ്റ് വാങ്ങിയതിൽ മാത്രം 14 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. മഹാമാരിയുടെ മറവിൽ 3741.36 കോടി രൂപയുടെ മരുന്നും സാമഗ്രികളും വാങ്ങിയതിൽ 769 കോടിയുടെ ക്രമക്കേടാണ് നടന്നത്.
ബൃഹദ് ബംഗളൂരു മഹാനഗരപാലികയിലും (ബി.ബി.എം.പി) 31 ജില്ലകളിലും ജുഡീഷ്യൽ കമീഷൻ പരിശോധന നടത്തിയിരുന്നു. കമീഷന്റെ കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭ യോഗം നിയോഗിച്ച ഉപസമിതിയും അന്വേഷണം നടത്തുന്നുണ്ട്. ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചെയർമാനായ മന്ത്രിസഭ ഉപസമിതിയിൽ ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര, നിയമ മന്ത്രി എച്ച്.കെ. പാട്ടീൽ, ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു, ഗ്രാമ വികസന മന്ത്രി പ്രിയങ്ക് ഖാർഗെ, തൊഴിൽ മന്ത്രി സന്തോഷ് ലാഡ്, ആരോഗ്യ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ എന്നിവർ അംഗങ്ങളാണ്. ഓക്സിജൻ സിലിണ്ടർ, പി.പി.ഇ കിറ്റ്, മരുന്നുകൾ, മാസ്കുകൾ തുടങ്ങി എല്ലാ സാമഗ്രികൾ വാങ്ങിയതിലും വൻ ക്രമക്കേടുകളാണ് നടന്നത്. 500 കോടി രൂപ തിരിച്ചു പിടിക്കാൻ കമീഷൻ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.