പശുക്കളെ ദത്തെടുക്കൽ പദ്ധതി: കിച്ച സുദീപ് അംബാസഡർ
text_fieldsബംഗളൂരു: പശുക്കളെ ദത്തെടുക്കുന്ന കർണാടക സർക്കാറിന്റെ 'പുണ്യകോടി' പദ്ധതിക്ക് കന്നഡ നടൻ കിച്ച സുദീപിനെ ബ്രാൻഡ് അംബാസഡറാക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് സുദീപിന് കത്തയച്ചതായി മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാൻ അറിയിച്ചു. സംസ്ഥാനത്തെ 163 ഗോശാലകളിലായി കഴിയുന്ന 21,519 പശുക്കളെ പദ്ധതിക്ക് കീഴിൽ ദത്തുനൽകാനാണ് സർക്കാറിന്റെ തീരുമാനം. പദ്ധതി ആരംഭിച്ച് ഒരു മാസത്തിലേറെയായെങ്കിലും 150 പശുക്കളെ മാത്രമാണ് ഇതുവരെ ദത്തെടുത്തത്. 1500 പേർ പദ്ധതിയിലേക്ക് സംഭാവന ചെയ്തു.
കർണാടകയിൽ സർക്കാറിന്റെ കീഴിലും സ്വകാര്യ മേഖലയിലുമായി 200 ലേറെ ഗോശാലകളുണ്ട്. ഉപേക്ഷിക്കപ്പെട്ടതോ രക്ഷപ്പെടുത്തിയതോ പ്രായമുള്ളവയോ രോഗം വന്നവയോ ഒക്കെയാണിവ. ഗോസംരക്ഷണ നിയമപ്രകാരം, സർക്കാർ പിടിച്ചെടുക്കുന്ന കന്നുകാലികളെയും ഇത്തരം ഗോശാലകളിലേക്കാണ് മാറ്റുന്നത്. പശുക്കളെ ദത്തെടുക്കാൻ ഒരാൾക്ക് മൂന്നുമാസത്തേക്ക് 2,750 രൂപയാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. അഞ്ചു വർഷത്തേക്ക് 55,000 രൂപയും. വിവരങ്ങൾക്ക്: punyakoti.karahvs.in
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.