കോൺഗ്രസിന് സി.പി.ഐ പിന്തുണ; കെ.ജി.എഫിൽ സി.പി.എമ്മിനെതിരെ പോരാട്ടം
text_fieldsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.ഐ 215 സീറ്റിൽ കോൺഗ്രസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. ഇടതുകക്ഷിയായ സി.പി.എമ്മിനെതിരെ കോലാറിലെ കെ.ജി.എഫിൽ മത്സരിക്കും. അതേസമയം, ചിക്കബെല്ലാപുരയിലെ ബാഗേപള്ളിയിൽ സി.പി.എം സ്ഥാനാർഥി അനിൽകുമാറിനെ പിന്തുണക്കും.
കർണാടകയിൽ സി.പി.എമ്മുമായി സഖ്യം പ്രഖ്യാപിച്ചിട്ടില്ലെന്നും ഏഴിടങ്ങളിൽ സി.പി.ഐ തനിച്ചു മത്സരിക്കുമെന്നും പാർട്ടി കർണാടക സെക്രട്ടറി സാഥി സുന്ദരേശ് ‘മാധ്യമ’ത്തോട് പറഞ്ഞു.
കർണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തുക, തൂക്കുസഭ രൂപപ്പെടാനുള്ള സാധ്യതകൾ തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് കോൺഗ്രസിന് പിന്തുണ നൽകുന്നത്. ബി.ജെ.പിയുമായി ചേർന്ന് സർക്കാർ രൂപവത്കരിച്ച ചരിത്രമുള്ളതിനാൽ ജെ.ഡി-എസിനെ പിന്തുണക്കില്ലെന്നും സാഥി സുന്ദരേശ് വ്യക്തമാക്കി. ദേശീയ പാർട്ടി പദവി നഷ്ടമായശേഷം സി.പി.ഐ നേരിടുന്ന ആദ്യ സംസ്ഥാന തെരഞ്ഞെടുപ്പാണ് കർണാടകയിലേത്.
ആളന്ദ, ജാവറഗി, സിറ, കുട്ലിഗി, മടിക്കേരി, മുദിഗരെ, കെ.ജി.എഫ് എന്നീ സീറ്റുകളിലാണ് സി.പി.ഐ മത്സരിക്കുന്നത്. മാണ്ഡ്യ മേലുകോട്ടെയിൽ കർഷക സംഘടനയായ കർണാടക സർവോദയ പാർട്ടിയുടെ യുവ സ്ഥാനാർഥി ദർശൻ പുട്ടണ്ണയ്യയെ പിന്തുണക്കും. ഈ മണ്ഡലത്തിൽ കോൺഗ്രസിന്റെ പിന്തുണയും ദർശനാണ്. അതേസമയം, ബാഗേപള്ളിക്കും കെ.ജി.എഫിനും പുറമെ, കലബുറഗി റൂറൽ, കെ.ആർ പുരം എന്നീ സീറ്റുകളിലാണ് സി.പി.എം മത്സരിക്കുക. ഇതിൽ കെ.ജി.എഫ് ഒഴികെയുള്ള സീറ്റുകളിൽ സി.പി.എമ്മിന് ജെ.ഡി-എസ് പിന്തുണ ലഭിക്കും. തങ്ങൾ മത്സരിക്കാത്ത മണ്ഡലങ്ങളിൽ ബി.ജെ.പിക്കെതിരെ ജയസാധ്യതയുള്ള സ്ഥാനാർഥിക്ക് പിന്തുണ എന്നതാണ് സി.പി.എം നിലപാട്.
215 സീറ്റിൽ തങ്ങളെ പിന്തുണക്കാനുള്ള സി.പി.ഐ തീരുമാനം സ്വാഗതം ചെയ്ത എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല സി.പി.ഐ നിൽക്കുന്ന ഏഴിടങ്ങളിൽ ‘സൗഹൃദ മത്സരം’ നടക്കുമെന്ന് വ്യക്തമാക്കി. ബംഗളൂരുവിലെ കെ.പി.സി.സി ഓഫിസിൽ ഇതുസംബന്ധിച്ച് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സി.പി.ഐ ഭാരവാഹികളും പങ്കെടുത്തു. പിന്തുണ തേടിയുള്ള കോൺഗ്രസ് അഭ്യർഥന നിരുപാധികം സി.പി.ഐ സ്വീകരിക്കുകയായിരുന്നെന്ന് സുർജെവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.