സി.പി.എം നേതാവ് ജി.സി. ബയ്യ റെഡ്ഡി അന്തരിച്ചു
text_fieldsബംഗളൂരു: സി.പി.എം കർണാടക സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കർണാടക പ്രാന്ത റൈത്ത സംഘ പ്രസിഡന്റുമായ ജി.സി. ബയ്യ റെഡ്ഡി (64) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ ബംഗളൂരു അപ്പോളോ ആശുപത്രിയിലായിരുന്നു മരണം. ചിക്കബല്ലാപൂരിൽ ജനിച്ച ബയ്യ റെഡ്ഡി 1980ൽ ചിന്താമണി ഗവ. കോളജ് പഠനകാലത്ത് എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചു. കാലസ ബണ്ടൂരി കനാലുമായി ബന്ധപ്പെട്ട നാവൽഗുണ്ട്- നർഗുണ്ട് കർഷക പ്രക്ഷോഭമടക്കം കർഷകരുടെ പോരാട്ട വേദികളിൽ സജീവമായിരുന്നു. ഡൽഹിയിലെ കർഷക പ്രക്ഷോഭത്തിൽ കർണാടകയിൽനിന്നുള്ള കർഷകരെ സംഘടിപ്പിച്ച് പ്രക്ഷോഭത്തിൽ പങ്കാളിയായി. കർണാടകയിലെ കർഷകരെ ഒന്നിച്ചണിനിരത്താൻ സംയുക്ത ഹോരാട്ട കർണാടക ഫോറം രൂപവത്കരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
ഭൗതിക ശരീരം സി.പി.എം സംസ്ഥാന ഓഫിസായ മഹാലക്ഷ്മി ലേഔട്ടിലെ ഇ.എം.എസ് ഭവനിൽ ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ പൊതുദർശനത്തിന് വെച്ചു. ബയ്യ റെഡ്ഡിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുശോചിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കായി നിരന്തരം പോരാടിയ നേതാവായിരുന്നു അദ്ദേഹമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് ആശ്വാസം നേരുന്നതായും സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.